പാലക്കാട്: വാളയാറില്‍ പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്ച്യുതാനന്ദന്‍ രംഗത്ത്. പ്രതികളുമായി ചേര്‍ന്ന് നേട്ടമുണ്ടാക്കാനാണ് പൊലീസ് ഇവിടെ ശ്രമിച്ചതെന്ന് വിഎസ് കുറ്റപ്പെടുത്തി. പെണ്‍കുട്ടികളുടെ വീട്ടിലെത്തി അവരുടെ അമ്മയെ സന്ദര്‍ശിക്കവെയാണ് പൊലീസിനെതിരെയുളള വിഎസിന്റെ വിമര്‍ശനം.
പ്രതികളെ പൊലീസ് സ്റ്റേഷനില്‍നിന്നും ഇറക്കി കൊണ്ടുവരാന്‍ സിപിഐഎമ്മുകാര്‍ സഹായിച്ചെന്ന ആരോപണങ്ങളെ തള്ളിക്കളഞ്ഞ വിഎസ് അതെല്ലാം അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് പ്രതികരിച്ചു. പല കേസുകളിലും പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് പൊലീസ് ഒത്തുകളിക്കുകയാണ്. കൂടാതെ അതിന്റെ നേട്ടമുണ്ടാക്കാനും നോക്കുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റേത്. ശരിയായിട്ടുളള അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ഈ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
വിഎസിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തുന്നുണ്ട്. വൈകിട്ടാണ് അദ്ദേഹത്തിന്റെ സന്ദര്‍ശം. പ്രതികളെ രക്ഷിക്കാന്‍ സിപിഐഎം ഇടപെടല്‍ നടന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ ബന്ധു ഉള്‍പ്പെടെ രണ്ടുപേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. കുട്ടികളുടെ അമ്മയുടെ ബന്ധു മധു, ഇടുക്കി രാജക്കാട് സ്വദേശി ഷിബു എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ മധു രണ്ടുകുട്ടികളെയും പീഡിപ്പിച്ചതായിട്ടാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇയാള്‍ ഒരു വര്‍ഷത്തോളമായി മൂത്തമകളെ ഉപദ്രവിച്ചിരുന്നതായി നേരത്തെ കുട്ടികളുടെ അമ്മ മൊഴി നല്‍കിയിരുന്നു. അറസ്റ്റിലായ ഷിബു എട്ടുവര്‍ഷമായി ഈ കുടുംബത്തിനൊപ്പമാണ് താമസം. കുട്ടികളുടെ മരണത്തില്‍ കൊലപാതക സാധ്യത അന്വേഷിക്കുന്ന പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണത്തില്‍ കേസ് അന്വേഷിച്ചിരുന്ന വാളയാര്‍ എസ്‌ഐയെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.
വാളയാറില്‍ ഒന്നര മാസത്തിന് ഇടയില്‍ സഹോദരിമാര്‍ മരിച്ച സംഭവത്തിലെ അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് നടപടികള്‍. രണ്ടുമാസം മുമ്പ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ 11 വയസുള്ള മൂത്തപെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടായിട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന സൂചനയുണ്ടായിട്ടും മനോവിഷമം മൂലം ആത്മഹത്യ ചെയ്‌തെന്ന നിഗമനത്തിലേക്ക് എത്തിയാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്.
ഇതിന് പിന്നാലെയാണ് മാര്‍ച്ച് നാലിന് സമാനമായ രീതിയില്‍ ഒമ്പതുവയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസിന്റെ ജാഗ്രത കുറവും വീഴ്ചയുമാണ് രണ്ടാമത്തെ മരണത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന ആരോപണമാണ് ഉയരുന്നത്. കൊലപാതക സാധ്യതയും ചൂണ്ടികാണിക്കപ്പെടുന്നു. വാളയാറില്‍ ആദ്യ പെണ്‍കുട്ടിയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം സംബന്ധിച്ച് സൂചനയുണ്ടായിട്ടും പൊലീസ് അന്വേഷിച്ചില്ല. മനോവിഷമം മൂലം കുട്ടി ആത്മഹത്യചെയ്തതാണെന്നാണ് പൊലീസ് എഫ്‌ഐആര്‍. ആത്മഹത്യയാണെന്ന നിഗമനത്തില്‍ ആദ്യമേ എത്തിയ പൊലീസ് കേസില്‍ കൃത്യമായ അന്വേഷണം നടത്താതെ അവസാനിപ്പിക്കുകയായിരുന്നു. മൊഴികള്‍ പോലും കൃത്യമായി പരിഗണിക്കാതെയായിരുന്നു അന്വേഷണം അവസാനിപ്പിച്ചത്.
Discussion about this post