2014 ലെ ലോക് സഭാ തിരഞ്ഞെടുപ്പിന് ശേഷം മൂന്ന് വര്‍ഷത്തിനിപ്പുറം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള സീറ്റിന്റെ മൂന്നില്‍ രണ്ടും പിടിച്ച് ബിജെപി അധികാരത്തിലെത്തുമ്പോള്‍ തന്റെ ജനപ്രീതിക്കും വ്യക്തിപ്രഭാവത്തിനും കുറവൊന്നും വന്നിട്ടില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന ഈ തിരഞ്ഞെടുപ്പ് മാമാങ്കം പല കാരണങ്ങളാലും ബിജെപിക്ക് നിര്‍ണായകമായിരുന്നു. അതില്‍ ഏറ്റവും പ്രധാനം നോട്ട് നിരോധനം ജനങ്ങള്‍ എങ്ങനെ സ്വീകരിച്ചു എന്നതായിരുന്നു.
ഈ വര്‍ഷം ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പായിരുന്നു തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വര്‍ധിപ്പിച്ച മറ്റൊരു ഘടകം. ജനപ്രതിനിധികളായ എംപിമാരും എംഎല്‍എമാരുമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. രാജ്യത്ത് ഏറ്റവും കൂടുതല്‍ എംപിമാരും എംഎല്‍എമാരുമുള്ളതാവട്ടെ ഉത്തര്‍പ്രദേശിലും. അതുകൊണ്ട് തന്നെ തങ്ങള്‍ ആഗ്രഹിച്ച ആളെ രാഷ്ട്രപതിയാക്കുവാന്‍ ബിജെപിക്ക് യുപിയിലെ വിജയം നിര്‍ണായകമായിരുന്നു.
യുപിയില്‍ വിജയം നേടിയാല്‍ രാജ്യസഭയിലെ പ്രാതിനിധ്യം വര്‍ധിപ്പിക്കാം എന്നതായിരുന്നു മറ്റൊരു ഗുണം. ജിഎസ്ടി ബില്ലടക്കം പല സുപ്രധാന ബില്ലുകളും പാസാക്കിയെടുക്കുന്നതില്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടത് രാജ്യസഭയില്‍ ആവശ്യമായ പ്രാതിനിധ്യമില്ലാതെ പോയത് കൊണ്ടാണ്.
2014 നു ശേഷം നടന്ന ഭൂരിപക്ഷം സംസ്ഥാന തിരഞ്ഞെടുപ്പുകളിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി മത്സരിക്കാനിറങ്ങിയത്. ഏത് സംസ്ഥാനത്തും ഏത് തിരഞ്ഞെടുപ്പിനും പാര്‍ട്ടിക്ക് മുന്നില്‍ വയ്്ക്കാന്‍ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് നരേന്ദ്ര ദാമോദര്‍ ദാസ് മോദി എന്ന നരേന്ദ്രമോദിയുടേതാണ്. സങ്കീര്‍ണമായ ജാതിസമവാക്യങ്ങളുള്ള ഉത്തര്‍പ്രദേശിലും മോദിയല്ലാതെ മറ്റൊരു മുഖവും ബിജെപിക്ക് ജനങ്ങള്‍ക്ക് മുന്നില്‍ എടുത്ത് വയ്ക്കാനില്ലായിരുന്നു. എന്തായാലും ത്രികോണ മത്സരത്തിനൊടുവില്‍ ഉത്തര്‍പ്രദേശില്‍ വമ്പന്‍ ഭൂരിപക്ഷം നേടി പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ ക്രെഡിറ്റ് മുഴുവനും മോദിക്കാണ്.
മോദി അധികാരത്തിലെത്തിയതിന് ശേഷമുള്ള മൂന്ന് വര്‍ഷക്കാലത്തിനിടെ നിരവധി സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നു. ഇതില്‍ ബീഹാറും ഡല്‍ഹിയും ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയെല്ലായിടത്തും അത്ഭുതപ്പെടുത്തുന്ന മുന്നേറ്റമാണ് അദ്ദേഹത്തിന് കീഴില്‍ പാര്‍ട്ടി നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെന്ന കഴിഞ്ഞു പോയ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിക്കായി തന്ത്രങ്ങളൊരുക്കിയത് അമിത് ഷായാണ്, യുദ്ധം നയിക്കുന്നത് മോദിയും.
തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മുന്‍പേ തന്നെ തുടങ്ങുന്നതാണ് അമിത്ഷായുടെ ഇടപെടല്‍. ഓരോ സംസ്ഥാനത്തേയും മതസാമൂഹികരാഷ്ട്രീയ സാഹചര്യം കൃത്യമായി പഠിക്കുന്ന അമിത് ഷാ അവിടെ പാര്‍ട്ടിക്ക് യോജിച്ച പങ്കാളികളെ കണ്ടെത്തും, ജാതി സമവാക്യങ്ങള്‍ക്ക് യോജിച്ച രീതിയിലുള്ള സ്ഥാനാര്‍ത്ഥികളേയും. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെയാണ് മോദിയുടെ വരവ്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മോദി തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. ദേശീയപ്രാദേശിക പ്രശ്‌നങ്ങള്‍ ഒരേ പ്രാധാന്യത്തോടെ തന്റെ പ്രസംഗത്തില്‍ അവതരിപ്പിക്കും. മോദിയെത്തുന്നതോടെ പിന്നെ മറ്റു നേതാക്കള്‍ അപ്രസക്തരാണ്. അടിമുടി മോദി മയം. കാടിളക്കിയുള്ള മോദിയുടെ പ്രചരണത്തില്‍ പിന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്നത് അപ്രസക്തമായ ചോദ്യമാക്കും.
ഉത്തര്‍പ്രദേശിന്റെ കാര്യമെടുക്കാം 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും ഒരു വര്‍ഷം മുന്‍പേയാണ് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി അമിത് ഷായെ സംസ്ഥാനത്തിന്റെ ചുമതല നല്‍കി മോദി യുപിയിലേക്ക് അയക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് ജയിക്കുന്നതിനാവശ്യമായ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുക എന്ന ചുമതലയോടെയാണ് മോദി അന്ന് അമിത്ഷായെ അങ്ങോട്ടയച്ചത്. ഏതാണ്ട് ഒരു വര്‍ഷക്കാലം യുപിയില്‍ തങ്ങിയ അമിത് ഷാ സംസ്ഥാന രാഷ്ട്രീയം നന്നായി പഠിച്ചു. മുഴുവന്‍ മണ്ഡലങ്ങളുടേയും സമുദായികരാഷ്ട്രീയ സാഹചര്യങ്ങള്‍ വിശകലനം ചെയ്ത് അതിന് യോജ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തി. അമിത് ഷായുടെ രാഷ്ട്രീയതന്ത്രങ്ങളുടെ ഫലമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം യുപിയില്‍ സ്വന്തമാക്കാന്‍ ബിജെപിക്ക് സാധിച്ചത്. ഇപ്പോള്‍ ബിജെപിയുടെ ദേശീയഅധ്യക്ഷനായ അമിത് ഷായുടെ തന്ത്രങ്ങള്‍ തന്നെയാണ് 17 വര്‍ഷത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ ബിജെപിയെ സഹായിച്ചത്.
ന്യൂനപക്ഷങ്ങള്‍ക്ക് ശക്തമായ സ്വാധീനമുള്ള 140ഓളം മണ്ഡലങ്ങള്‍ യുപിയിലുണ്ടായിരുന്നു. യാദവസമുദായം ശക്തമായ 70 ഓളം മണ്ഡലങ്ങള്‍ വേറെയും. ഈ രണ്ടു വിഭാഗത്തേയും ഒപ്പം ചേര്‍ത്താണ് മുന്‍ തിരഞ്ഞെടുപ്പുകളില്‍ സമാജ് വാദി പാര്‍ട്ടി അവിടെ ജയിച്ചു കയറിയത്. സാധാരണഗതിയില്‍ ന്യൂനപക്ഷവോട്ടുകള്‍ കോണ്‍ഗ്രസിലേക്കും വിഭജിച്ചു പോകാറുണ്ടെങ്കിലും ഇക്കുറി ഇരുകൂട്ടരും ഒരു മുന്നണിയായി മത്സരിക്കുന്നതിനാല്‍ മിനിമം 150സീറ്റുകളെങ്കിലും അവര്‍ നേടേണ്ടതാണെന്നാണ് മുന്‍കാല ചരിത്രം പറയുന്നത്.
ഇനി അഥവാ ഈ സമുദായങ്ങള്‍ എസ്.പികോണ്‍ഗ്രസ് സഖ്യത്തിന് എതിരാണെങ്കില്‍ അതിലൊരു പങ്ക് ബിഎസ്പിക്ക് ലഭിക്കുമായിരുന്നു. അതോടൊപ്പം പിന്നോക്ക വിഭാഗക്കാരെ കൂടി ഒപ്പം നിര്‍ത്തിയാണ് ബിഎസ്പി തിരഞ്ഞെടുപ്പുകള്‍ ജയിക്കാറ്. എന്നാല്‍ ഇക്കുറി ഈ ജാതിസമവാക്യങ്ങളെല്ലാം തന്നെ തകര്‍ക്കാന്‍ അമിത്ഷായ്ക്കും ബിജെപിക്കും എളുപ്പം സാധിച്ചു. യാദവദളിത് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചതോടെ ന്യൂനപക്ഷ വോട്ടുകള്‍ എസ്പിക്കും ബിഎസ്പിക്കും ഇടയില്‍ വിഭജിച്ചു പോകുകയും ചെയതു.
Discussion about this post