ഡല്‍ഹി: 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും മോദി തരംഗം തുടരുമെന്ന് അമേരിക്ക. അഞ്ചു സംസ്ഥാനങ്ങളിലേയ്ക്കു നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ മികച്ച പ്രകടനം മുന്‍നിര്‍ത്തിയാണ് ഇന്ത്യയിലെ അമേരിക്കന്‍ വിദഗ്ധര്‍ ഈ പ്രവചനം നടത്തുന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉണ്ടാക്കിയ മികച്ച നേട്ടം അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ടായ വിജയം അതിനു തെളിവാണെന്നും അമേരിക്കയിലെ ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് ഇന്റര്‍നാഷണല്‍ അഫയേഴ്സ് അസിസ്റ്റന്റ് പ്രൊഫസര്‍ ആദം സീഗ്ഫീല്‍ഡ് ചൂണ്ടിക്കാട്ടുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ മോദി വിജയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ബിഎസ്പിയും എസ്പിയും മുന്‍പ് നേടിയ വിജയങ്ങളേക്കാള്‍ ഉയര്‍ന്ന വോട്ടുകളോടെയാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. ഈ തിരഞ്ഞെടുപ്പോടെ 2019-ല്‍ മോദി നേടാനിരിക്കുന്ന വലിയ വിജയം സുനിശ്ചിതമായിരിക്കുകയാണെന്നും മോദിയായിരിക്കും വരുന്ന തിരഞ്ഞെടുപ്പിലും മുന്നില്‍ നില്‍ക്കുകയെന്നും അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ സദാനന്ദ് ദുമെ പറഞ്ഞു.
അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കന്‍ മോദി നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ നടപടി ജനങ്ങളുടെ ഹൃദയം കവര്‍ന്നതായും അതാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ഓരോ സംസ്ഥാനങ്ങളിലും ബിജെപി നടത്തുന്നത് വളരെ ചിട്ടയോടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങളാണ്. ശക്തമായ ഒരു പ്രതിപക്ഷ പാര്‍ട്ടി നിലവിലുള്ള സംസ്ഥാനങ്ങളിലേതിനേക്കാള്‍, ശക്തികുറഞ്ഞ ഒന്നിലേറെ പ്രതിപക്ഷ കക്ഷികളുള്ള സംസ്ഥാനങ്ങളിലാണ് ബിജെപി അനായാസ വിജയം നേടുന്നതെന്ന് ജോര്ജ്ടൗണ് യൂണിവേഴ്സിറ്റിയിലെ ഇര്‍ഫാര്‍ നൂറുദ്ദീന്‍ പറഞ്ഞു.
Discussion about this post