തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കൈയേറ്റത്തിനെതിരേയും റിസോര്‍ട്ട് മാഫിയകള്‍ക്കെതിരേയും ശക്തമായ നിലപാടെടുത്ത സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമനെ നീക്കാന്‍ ഗൂഢശ്രമം. കൈയേറ്റം ഒഴിപ്പിച്ചെടുക്കാന്‍ ശ്രീറാം നടത്തുന്ന ശ്രമങ്ങളെ രാഷ്ട്രീയകക്ഷികള്‍ ശക്തമായി എതിര്‍ക്കുകയാണ്. ഇടുക്കിയില്‍ ഏഴ് പഞ്ചായത്തുകളിലെ ജനങ്ങള്‍ സബ്കളക്ടറുടെ നടപടികള്‍ കാരണം പൊറുതിമുട്ടുന്നതായി കാട്ടി ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍ സബ്മിഷന്‍ അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കി. പക്ഷേ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം ശ്രീറാമിനെ മാറ്റിയിട്ടില്ല.
കളക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ മൂന്നാര്‍ മേഖലയില്‍ പണിയുന്ന റിസോര്‍ട്ടുകള്‍ക്ക് നേരത്തേ ആര്‍.ഡി.ഒ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇത് വകവയ്ക്കാതെ വീണ്ടും നിര്‍മ്മാണം നടത്തിയവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തതോടെയാണ് സബ്കളക്ടര്‍ മാഫിയകളുടെ കണ്ണിലെ കരടായത്. കര്‍ഷക സംഘടനകളുടെ പേരില്‍ ശ്രീറാമിനെതിരേ സമരം തുടങ്ങി. റിസോര്‍ട്ടുകളില്‍ നിന്ന് പുഴകളിലേക്കും മറ്റും മാലിന്യമൊഴുക്കുന്നതിനെതിരേയും സബ് കളക്ടര്‍ നിലപാടെടുത്തിരുന്നു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്കോടെ ഐ.എ.എസ് നേടിയ ശ്രീറാം എറണാകുളം സ്വദേശിയാണ്. കഴിഞ്ഞ ജൂലായിലാണ് ശ്രീറാമിനെ മൂന്നാറില്‍ നിയമിച്ചത്. നേരത്തേ കൈയേറ്റക്കാര്‍ക്കെതിരേ കണ്ണടച്ചതിന് ഇടുക്കിയിലെ അഞ്ച് കളക്ടര്‍മാര്‍ക്കെതിരേ വിജിലന്‍സ് കേസെടുത്തിരുന്നു.
Discussion about this post