മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ നാലാമത്തേതും അവസാനത്തേതുമായ ധര്‍മശാല ടെസ്റ്റില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി കളിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. വൈകുന്നേരം നടക്കുന്ന കായിക ക്ഷമതാ ടെസ്റ്റിന് ശേഷം മാത്രമേ കോഹ്ലി കളിക്കുന്ന കാര്യത്തില്‍ തീരുമാനമാകൂ. അതിനിടെ, മുംബൈ താരം ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തി.
റാഞ്ചിയിലെ മൂന്നാം ടെസ്റ്റില്‍ തോളിന് പരുക്കേറ്റ ഇന്ത്യന്‍ നായകന്റെ പരുക്ക് പൂര്‍ണമായി ഭേദമാകാത്ത സാഹചര്യത്തിലാണ് ഓസ്ട്രേലിയയ്ക്കെതിരെ നാളെ ആരംഭിക്കുന്ന അവസാന മത്സരത്തില്‍ കോഹ്ലി കളിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നത്. ഇന്നലെ പരിശീലനത്തിന് കോഹ്ലി ഇറങ്ങിയെങ്കിലും തോളില്‍ ബാന്‍ഡേജ് ധരിച്ചെത്തിയ ഇന്ത്യന്‍ നായകന് ബാറ്റ് ചെയ്തില്ല.
റാഞ്ചിയില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് കോഹ്ലിക്ക് പരുക്കേറ്റത്. ഇതിനിടെയാണ് ധര്‍മ്മശാല ടെസ്റ്റിനുള്ള ടീമില്‍ മുംബൈയുടെ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തിയത്. രഞ്ജി ട്രോഫിയിലും ഓസ്ട്രേലിയ ഇന്ത്യ എ സന്നാഹ മത്സരത്തിലും നടത്തിയ മികച്ച പ്രകടനമാണ് ശ്രേയസ്സിന് തുണയായത്.
റാഞ്ചിയില്‍ കളിച്ച ടീമില്‍ മാറ്റം വരുത്തിയേക്കുമെന്നാണ് സൂചന. ഇരു ടീമുകളും ഓരോ മത്സരം ജയിച്ച സാഹചര്യത്തില്‍ പരമ്പര സ്വന്തമാക്കാനാണ് ഇരു ടീമുകളും ഇറങ്ങുക.
Discussion about this post