തിരുവനന്തപുരം: ഫോണ്‍ സംഭാഷണം പുറത്തായി മന്ത്രി രാജി വെക്കേണ്ടി വന്ന സാഹചര്യത്തില്‍ നിയമസഭയില്‍ അനില്‍ അക്കര എം.എല്‍.എ ഉയര്‍ത്തിയ ആരോപണത്തിന് കഴമ്പുണ്ടാകുകയാണ്. മാര്‍ച്ച് 13ന് സഭയില്‍ സംസാരിക്കവെ മുഖ്യമന്ത്രിയുടെ വരെ ഫോണ്‍ ചോര്‍ത്തിയതായി എം.എല്‍.എ പറഞ്ഞിരുന്നു. കോട്ടയം കേന്ദ്രീകരിച്ചാണ് ചോര്‍ത്തല്‍ നടന്നതെന്നും 27 സി.പി.എം നേതാക്കളുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയെന്നും പറഞ്ഞത് പ്രസക്തമായത് ഇന്നലെ ഒരു ചാനല്‍ മന്ത്രി എ.കെ ശശീന്ദ്രന്റേതെന്ന പേരില്‍ സംഭാഷണം പുറത്തുവിട്ടപ്പോഴാണ്. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമല്ല, ഫോണിന് പോലും സുരക്ഷയില്ലെന്നായിരുന്നു നിയമസഭയിലെ ആരോപണം.
വടക്കാഞ്ചേരി പീഡനക്കേസില്‍ ഇടപെട്ട ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമായി താന്‍ ഫോണില്‍ സംസാരിച്ചത് ചോര്‍ത്തി തൊട്ടടുത്ത ദിവസം സര്‍ക്കാര്‍ അനുകൂല പത്രം പ്രസിദ്ധീകരിച്ചതോടെയാണ് ഇതേക്കുറിച്ച് അന്വേഷിച്ചതെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനില്‍ അക്കര പറഞ്ഞു. കോട്ടയം കേന്ദ്രീകരിച്ച് പോലീസ് വകുപ്പും ബി.എസ്.എന്‍.എല്ലിലെ ചില ജീവനക്കാരുമാണ് ചോര്‍ത്തുന്നത്. ലാവ് ലിന്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഫോണും ചോര്‍ത്തിയിട്ടുണ്ട്.
മന്ത്രിസ്ഥാനം ലഭിക്കാതെ പോയ മുതിര്‍ന്ന സി.പി.എം നേതാക്കളുടെ വരെ ഫോണ്‍ ചോര്‍ത്തിയിട്ടുണ്ട്. എല്‍.ഡി.എഫ് നേതാക്കളുടെ ഫോണും ചോര്‍ത്തിയിട്ടുണ്ട്. ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് വരെ ചോര്‍ത്താവുന്ന തരത്തില്‍ ലളിതമായ സംവിധാനമാണ് അതീവ സുരക്ഷ വേണ്ട ഇക്കാര്യത്തിലുള്ളത്. ആര്‍ക്കും ആരുടേയും സ്വകാര്യസംഭാഷണം ലഭ്യമാക്കാവുന്ന രീതി കേരളത്തിലെ സുരക്ഷാസംവിധാനങ്ങളുടെ പാളിച്ചയാണെന്നും അനില്‍ അക്കര എം.എല്‍.എ ആരോപിച്ചു.
Discussion about this post