തിരുവനന്തപുരം: ലൈംഗീക സംഭാഷണ ആരോപണത്തെ തുടര്‍ന്ന് എ.കെ.ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നതു ‘പെണ്‍കെണി’ തന്നെയെന്ന നിഗമനത്തിലേക്കു പൊലീസ് രഹസ്യാന്വേഷണ വിഭാഗം. തുടര്‍ച്ചയായി ശശീന്ദ്രനുമായി ഫോണില്‍ സംസാരിച്ചിരുന്നതു തിരുവനന്തപുരം ജില്ലക്കാരിയാണെന്നും ഏഴു മാസമായി ഇവര്‍ ശശീന്ദ്രന്റെ ഓഫിസില്‍ ഇടയ്ക്കിടെ എത്തിയിരുന്നെന്നും പൊലീസിനു വിവരം കിട്ടി. അതേസമയം, ഈ സ്ത്രീക്ക് മാധ്യമസ്ഥാപനവുമായി ബന്ധമുണ്ടെന്ന സൂചനയുമുണ്ട്.
ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇവരുടെ ഫേസ്ബുക് പേജ് നീക്കിയെങ്കിലും ചില ചിത്രങ്ങള്‍ അന്വേഷകര്‍ ശേഖരിച്ചിട്ടുണ്ട്. ഇവ ശശീന്ദ്രനോട് അടുപ്പമുള്ളവരെ കാണിച്ച്, വിളിച്ചിരുന്ന ആളെ സ്ഥിരീകരിച്ചതായും സൂചനയുണ്ട്. യുവതിയുടെയോ, ശശീന്ദ്രന്റെയോ രേഖാമൂലമുള്ള പരാതി ലഭിക്കാതെ ഔദ്യോഗിക അന്വേഷണം സാധിക്കില്ലെങ്കിലും ചിത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസിനെ ധരിപ്പിച്ചിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്നത് ഇന്നു മന്ത്രിസഭായോഗം തീരുമാനിക്കും.
ഇപ്പോള്‍ സംശയിക്കുന്ന യുവതി ഈയിടെ നിരന്തരം ഓഫിസില്‍ വരാറുണ്ടായിരുന്നെന്നു ശശീന്ദ്രന്റെ പേഴ്‌സനല്‍ സ്റ്റാഫിലുള്ളവര്‍ സ്ഥിരീകരിച്ചു.
അതേസമയം ഒരു ദിവസത്തെ ഫോണ്‍ സംഭാഷണമല്ല പുറത്തു വന്നിരിക്കുന്നതെന്നും പല ദിവസങ്ങളിലെ സംഭാഷണം എഡിറ്റ് ചെയ്ത് ഒന്നാക്കുകയായിരുന്നു എന്ന സംശയവും ശശീന്ദ്രനോട് അടുപ്പമുള്ളവര്‍ ഉന്നയിക്കുന്നുണ്ട്. ഇത് സംബന്ധിച്ചും അന്വേഷണം നടത്തും.
അതേസമയം മനഃപൂര്‍വം കുടുക്കിയതാണെങ്കില്‍ ശശീന്ദ്രന്‍ എന്തുകൊണ്ടു പരാതി നല്‍കുന്നില്ല എന്ന ചോദ്യത്തിനു മറുപടിയില്ല. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടല്ലോ, കാര്യങ്ങള്‍ അവിടെ പറയാം എന്ന നിലപാടിലാണ് അദ്ദേഹം. സംഭവത്തിന്റെ മറുവശത്തെക്കുറിച്ചു സാമൂഹിക മാധ്യമങ്ങളിലും വാട്‌സ് ആപ്പിലും ഒട്ടേറെ വിവരങ്ങള്‍ വരുന്നുണ്ടെന്നും അതെല്ലാം തങ്ങള്‍ക്കും ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ വ്യക്തമാക്കി. പരാതിയില്ലാത്തതിനാല്‍ ഔദ്യോഗിക പൊലീസ് അന്വേഷണം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post