ഗുവാഹത്തി: മനസ്സു കൊണ്ടും ശരീരം കൊണ്ടും താന്‍ ഭാരതീയനാണെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. പ്രാചീന ഭാരതീയ വിജ്ഞാനം ആധുനിക കാലത്ത് എന്ന വിഷയത്തില്‍ ഗുവാഹത്തിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സര്‍ക്കാരിന്റെ ദീര്‍ഘകാലമായുളള അതിഥിയാണ് താന്‍. കഴിഞ്ഞ 50 വര്‍ഷങ്ങളായി ഇന്ത്യന്‍ ദാലും, ചപ്പാത്തിയുമാണ് എന്റെ ശരീരത്തെ നിലനിര്‍ത്തുന്നത. അതിനാല്‍ ശരീരം കൊണ്ടും മനസ്സു കൊണ്ടും ഞാന്‍ ഇന്ത്യക്കാരനാണ്.
ദലൈലാമ,ആത്മീയ നേതാവ്
കഴിഞ്ഞ 58 വര്‍ഷങ്ങളായി ഈ രാജ്യത്തിന്റെ അതിഥിയായ താന്‍ ഭാരതീയ പൈതൃകത്തിന്റെ സന്ദേശവാഹകനായിക്കൊണ്ട് മറുപടി നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തന്നെ ഭാരതപുത്രനെന്നു സ്വയം രേഖപ്പെടുത്താന്‍ ആരംഭിച്ചു കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ചൈനീസ് മാദ്ധ്യമം എന്തുകൊണ്ടാണ് ഞാനങ്ങനെ പറഞ്ഞതെന്ന് ചോദിച്ചിരുന്നു. എന്റെ മസ്തിഷ്കത്തിന്റെ ഓരോ ഭാഗവും നളന്ദയേക്കുറിച്ചുളള സമൃദ്ധമായ ചിന്തകളാല്‍ നിറഞ്ഞിരിക്കുന്നതായി ഞാനവരോടു പറഞ്ഞു- ദലൈലാമ പറഞ്ഞു.
സാമുദായിക സൗഹാര്‍ദ്ദം പരിപോഷിപ്പിക്കുന്നതില്‍ അത്യന്തം ശ്രദ്ധാലുവാണ് താന്‍. ചില ദോഷൈകദൃക്കുകളാണ് ഇവിടെ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന കാര്യം മനസ്സിലാക്കാവുന്നതേയുള്ളു. നാമെല്ലാം മനുഷ്യരാണെന്ന ഒറ്റ ചിന്ത കൊണ്ട് എല്ലാ വിവേചനങ്ങളേയും, പ്രതിസന്ധികളേയും തരണം ചെയ്യാവുന്നതേയുള്ളു. താന്‍ അഹിംസയിലും, സമാധാനത്തിലും പുലരുന്ന ഒരു ലോകത്തേക്കുറിച്ച് ശുഭാപ്തിവിശ്വാസമുളളയാളാണ്.
-ദലൈലാമ, ആത്മീയ നേതാവ്
ദലൈലാമയുടെ ആത്മകഥയായ മൈ ലാന്‍ഡ് മൈ പീപ്പിള്‍ എന്ന ഗ്രന്ഥത്തിന്റെ ആസാമി ഭാഷയിലുളള പതിപ്പിന്റെ പ്രകാശനവും അ്ദ്ദേഹം നിര്‍വ്വഹിച്ചു.
മുഹമ്മദ്, ബുദ്ധന്, മഹാവീരന് എന്നിവര്‍ വീണ്ടും ഈ ലോകത്തു വന്നാല്‍, ഇവിടെ ഈ കാണുന്ന അക്രമവും, അശാന്തിയും ആരാണ് സൃഷ്ടിച്ചതെന്ന് അവര്‍ തിരക്കും. ദൈവമല്ല, മറിച്ച് മനുഷ്യനാണ് ഇവിടെ അശാന്തി സൃഷ്ടിച്ചത്. അതുകൊണ്ടു തന്നെ ആ അശാന്തിയെ ഇല്ലായ്മ ചെയ്യേണ്ടതും മനുഷ്യന്റെ തന്നെ ചുമതലയാണ്. ഒരു വലിയ മാറ്റം എന്റെ ജീവിതകാലത്ത് കാണാന്‍ കഴിയുമോ എന്നെനിക്കറിയില്ല. എന്നാല്‍ എനിക്ക് ശുഭാപ്തിവിശ്വാസമുണ്ട്. മികച്ച വിദ്യാഭ്യാസത്തിലൂടെ വരും തലമുറ അനുകമ്പയും, സ്നേഹവും ഈ ലോകത്തിലേക്കെത്തിക്കും. ഭാവിയുടെ മനുഷ്യത്വം, ദൈവത്തേക്കാളുപരി മനുഷ്യത്വത്തില്‍ തന്നെ അധിഷ്ഠിതമാണെന്നും ദലൈലാമ ചൂണ്ടിക്കാട്ടി.
Discussion about this post