മുംബൈ: 2002ൽ പുറത്തിറങ്ങിയ മോഹൻലാൽ മലയാളം ചിത്രമാണ് ‘കമ്പനി’. ചിത്രത്തിൽ സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പം പ്രശസ്ത ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മയും പ്രവർത്തിച്ചിരുന്നു. ബോക്‌സ് ഓഫീസിൽ സിനിമ വൻ വിജയമായിരുന്നു.
കമ്പനി റിലീസ് ചെയ്ത് 22 വർഷത്തിന് ശേഷം, ചിത്രത്തെ കുറിച്ച് പറയുകയാണ് രാം ഗോപാൽ വർമ. ആദ്യഘട്ടത്തിൽ, ചിത്രത്തിലെ മോഹൻലാലിന്റെ അഭിനയത്തിൽ തനിക്ക് വലിയ മതിപ്പുണ്ടായിരുന്നില്ലെന്ന് രാം ഗോപാൽ വർമ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സ് മാക്സിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ.
കമ്പനിക്ക് വേണ്ടി താൻ ആദ്യമായി മോഹൻലാലിനെ സമീപിച്ചപ്പോൾ നിരവധി പ്രതീക്ഷകൾ തനിക്കുണ്ടായിരുന്നു. തിരക്കഥ പറഞ്ഞു കഴിഞ്ഞപ്പോൾ, കഥയെ കുറിച്ചും അദ്ദേഹത്തിന്റെ റോളിനെ കുറിച്ചും അദ്ദേഹം നിരവധി ചോദ്യങ്ങൾ തന്നോട് ചോദിക്കുമെന്നാണ് കരുതിയത്. അതിനായി ഒരുങ്ങിയിരിക്കുകയായിരുന്നു. എന്നാൽ, സിനിമയെ കുറിച്ച് അദ്ദേഹത്തിനോട് വിവരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം ചോദിച്ച ഒരേയൊരു ചോദ്യം, സർ, നിങ്ങൾക്ക് എത്ര ദിവസം വേണം എന്നതായിരുന്നു. അത് തനിക്കൊരു ആന്റി ക്ലൈമാക്‌സ് പോലെയായിരുന്നുവെന്ന് രാം ഗോപാൽ വർമ പറയുന്നു.
‘എന്നോട് മാത്രമല്ല, ഇത് തന്നെയാണ് അദ്ദേഹം എല്ലാവരുടെയും അടുത്ത് ചെയ്യാറ് എന്നെനിക്ക് ഉറപ്പുണ്ട്. കാരണം, ക്രാഫ്റ്റ് മനസ്സിലാക്കുന്ന, സിനിമകൾ എങ്ങനെ നിർമ്മിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കുന്ന ഒരു നടനാണ് അദ്ദേഹം’- രാം ഗോപാൽ വർമ കൂട്ടിച്ചേർത്തു.
‘കമ്പനി’യുടെ ചിത്രീകരണം തുടങ്ങിയപ്പോൾ മോഹൻലാലിന്റെ പ്രകടനത്തിൽ താൻ തൃപ്തനായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം കൂടുതൽ ടേക്കുകൾ ആവശ്യപ്പെട്ടത്. കുറച്ചു കഴിഞ്ഞപ്പോൾ, തുടക്കത്തിൽ തന്നെ മോഹൻലാൽ മികച്ച ടേക്ക് നൽകിയിട്ടുണ്ടെന്ന് തനിക്ക്് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.
‘അദ്ദേഹം അഭിനയിക്കുമ്പോൾ, എനിക്ക് വളരെ ബുദ്ധിമുട്ടുകൾ തോന്നിയിരുന്നു. അദ്ദേഹം ശരിയായ രീതിയിൽ ചെയ്യുന്നില്ലെന്ന് എനിക്ക് തോന്നി. വീണ്ടും വീണ്ടും ഞാൻ റീ ടേക്ക് പറഞ്ഞു. 6-7 ടേക്കുകൾക്കുശേഷം, ഞാൻ അവയെല്ലാം പരിശോധിച്ചു. ആദ്യത്തെ ടേക്ക് ആയിരുന്നു ഏറ്റവും മികച്ചതെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്. മോഹൻലാൽ ഒരു വളരെ സഹജമായ നടനാണ്’- രാം ഗോപാൽ വർമ വ്യക്തമാക്കി.
Discussion about this post