ഹൈദരാബാദ്: മുത്തലാഖിനെതിരെ മുസ്ലിം വനിതാ സമൂഹത്തില്‍ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെ ഹൈദരാബാദില്‍ യുവതിയെ പത്രപ്പരസ്യത്തലൂടെ മൊഴി ചൊല്ലിയെന്ന് പരാതി. സൗദി അറേബ്യയില്‍ താമസിക്കുന്ന മൊഹദ് മുസ്താഖുദ്ദീന്‍ എന്ന യുവാവ് ഭാര്യയെ പ്രാദേശിക ഉര്‍ദു പത്രത്തില്‍ പരസ്യം നല്കി ഭാര്യയെ മൊഴിചൊല്ലിയത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
2015 ജനുവരിയിലാണ് ഇരുവരുടെയും വിവാഹം നടന്നത്. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ ജോലിസ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. 10 മാസമായ കുഞ്ഞുമായി ഭാര്യയെ പിന്നീട് നാട്ടിലെത്തിച്ചു. ശേഷം ഇയാള്‍ കഴിഞ്ഞ മാസം സൗദിയിലേക്ക് തിരിച്ചുപോവുകയും ചെയ്തു. തുടര്‍ന്ന് ഒരു പ്രാദേശിക ഉര്‍ദു പത്രത്തില്‍ നല്കിയ പരസ്യത്തിലൂടെ ഇയാള്‍ മൊഴിചൊല്ലുകയായിരുന്നുവെന്നാണ് യുവതി നല്കിയ പരാതി.
20 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് ഇയാള്‍ പീഡിപ്പിച്ചിരുന്നതായി യുവതി പറഞ്ഞതായും പോലീസ് അറിയിച്ചു. മുസ്താഖുദ്ദീനെ ബന്ധപ്പെടാന്‍ യുവതി ശ്രമിച്ചെങ്കിലും അയാള്‍ ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല.ഭര്‍ത്തൃപീഡനം, വഞ്ചന, കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് മുസ്താഖുദ്ദീനെതിരെ ചുമത്തിയിരിക്കുന്നത്.
മുസ്ലീം നിയമ പ്രകാരം പത്രപ്പരസ്യത്തിലൂടെയുള്ള മൊഴിചൊല്ലല്‍ നിയമപ്രകാരമുള്ളതാണോ എന്നതടക്കം പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.
Discussion about this post