ഗുവാഹത്തി: ടിബറ്റന്‍ ആത്മിയാചാര്യന്‍ ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തെ ചൊല്ലി ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന ചൈനയ്ക്ക് ചുട്ട മറുപടി നല്കി അരുണാചല്‍ മുഖ്യമന്ത്രി പെമാ ഖാണ്ഡു. ചൈനയുമായല്ല ടിബറ്റുമായാണ് ഇന്ത്യ അതിര്‍ത്തി പങ്കിടുന്നതെന്നാണ് അരുണാചല്‍ മുഖ്യമന്ത്രിയുടെ മറുപടി.
അവിഭാജ്യ ഘടകമെന്ന് ഇന്ത്യ ആവര്‍ത്തിക്കുന്ന അരുണാചല്‍ പ്രദേശ് ദക്ഷിണ ടിബറ്റാണെന്നാണ് ചൈനയുടെ അവകാശവാദം.
ദലൈലാമയെ അരുണാചലിലേക്ക് സ്വാഗതം ചെയ്യുന്നത് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാക്കുമെന്ന് നേരത്തെ ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. കൃത്രിമ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നായിരുന്നു ചൈനയുടെ ഭീഷണിയോടുള്ള ഇന്ത്യയുടെ മറുപടി. രാഷ്ട്രീയപരമായ ആവശ്യങ്ങള്‍ക്കല്ല പൂര്‍ണമായും മതപരമായ കാര്യങ്ങള്‍ക്കാണ് ദലൈലാമ അരുണാചല്‍ സന്ദര്‍ശിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ചൈനയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് ഒമ്പത് ദിവസത്തെ സന്ദര്‍ശത്തിനാണ് ദലൈലാമ അരുണാചലില്‍ എത്തിയിരിക്കുന്നത്. 1983നും 2009നും ഇടയില്‍ ആറുതവണ ദലൈലാമ അരുണാചല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ടിബറ്റിന് സ്വയം ഭരണാവകാശം വേണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ചൈന അടിച്ചമര്‍ത്തിയതിനെ തുടര്‍ന്നാണ് 1959ല്‍ ദലൈലാമ ഇന്ത്യയില്‍ അഭയം പ്രാപിച്ചത്. ടിബറ്റിന്റെ സ്വയംഭരണ പ്രക്ഷോഭത്തെ ഓര്‍മ്മപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കൂടുതല്‍ ചര്‍ച്ചകള്‍ വഴിവെക്കും
ദലൈലാമയോട് ഇന്ത്യ അടുക്കുന്നത് തങ്ങള്‍ക്കെതിരായ നീക്കമായാണ് ചൈന കരുതുന്നത്. താന്‍ എല്ലാം കൊണ്ടും ഭാരതീയനാണ് എന്ന് ദലൈലാമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Discussion about this post