തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തെ പരോക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. അനുഭാവികള്‍ എന്ന് പറയുന്നവര്‍ പാര്‍ട്ടിയോട് കണക്ക് ചോദിക്കുകയാണ്. രക്തസാക്ഷി കുടുംബത്തിലെ ഒരമ്മയും ഇങ്ങനെ ചെയ്തിട്ടില്ല. ഇത് വലത് വലതുപക്ഷ ബൂര്‍ഷാ സ്വഭാവമാണെന്നും ജി സുധാകരന്‍ പറഞ്ഞു. മഹിജയെ ആര്‍എസ്എസ് ആക്രമണത്തില്‍ മരിച്ച അനന്തുവിന്റെ അമ്മയുമായി ജി സുധാകരന്‍ താരതമ്യം ചെയ്യുകയും ചെയ്തു. അനന്തുവിന്റെ അമ്മ അലമുറയിടുന്നില്ല. ദു:ഖം നിറഞ്ഞ മുഖത്തോടെ കരയാനല്ലാതെ സംസാരിക്കാന്‍ സാധിക്കുന്നില്ല. അതാണ് യഥാര്‍ത്ഥ ദു:ഖമെന്നും ജി സുധാകരന്‍ പറഞ്ഞു.
ജിഷ്ണുവിന്റെ കുടുംബം സ്വകാര്യമായിട്ടായിരുന്നു പരാതി നല്‍കേണ്ടിയിരുന്നതെന്ന് മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞിരുന്നു. ഈ സ്വകാര്യത കളയാന്‍ ചിലര്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. സമരം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധിയുണ്ടാക്കി സമ്മര്‍ദ്ദത്തില്‍ വീഴ്ത്താനുള്ള ശ്രമം നടക്കില്ല. ജിഷ്ണുവിന്റെ കുടുംബത്തിന് നേരെയുള്ള പൊലീസ് നടപടിയെ എം എ ബേബി വിമര്‍ശിച്ചതിനേയും സുധാകരന്‍ തള്ളിപ്പറഞ്ഞിരുന്നു. പൊലീസ് നടപടിയെ കുറിച്ച് എംഎ ബേബി പറഞ്ഞത് പോളിറ്റ് ബ്യൂറോയുടെ നിലപാടല്ലെന്നാണ് ജി സുധാകരന്‍ അഭിമുഖത്തില്‍ പറഞ്ഞത്.
ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കെതിരെയുള്ള പൊലീസ് നടപടിയെ വിമര്‍ശിച്ചത് എംഎ ബേബി തിരുത്തിയിരുന്നു. വൈകാരികമായ സാഹചര്യത്തിലായിരുന്നു അന്നത്തെ പ്രതികരണമെന്നും ഇത് സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടേറിയേറ്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എംഎ ബേബി പറഞ്ഞു. മരിച്ച മകന് നീതിതേടി പൊലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നേരെ നടത്തിയ പരാക്രമം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പൊലീസ് നയം മനസ്സിലാക്കാത്തവര്‍ ചെയ്തതാണെന്ന് സിപിഐഎം പിബി അംഗം എംഎ ബേബി പറഞ്ഞിരുന്നു. ഇത് മനസ്സിലാകാതെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതാണെന്നും എംഎം ബേബി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.
Discussion about this post