യുപിയിലെ പാവപ്പെട്ട മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സമൂഹവിവാഹമൊരുക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലിം വിഭാഗത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹാവസരം നിഷേധിക്കപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. ന്യൂനപക്ഷ വിഭാഗങ്ങളിലെ സംഘടനകള്‍ മുന്നോട്ടുവെച്ച ആശയം നടപ്പിലാക്കുകയാണ് ആദിത്യനാഥ്. ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കായുള്ള സമൂഹ വിവാഹം സര്‍ക്കാരിന്റെ നൂറിന കര്മപരിപാടികളില് ഉള്‍പ്പെടുത്തുകയും അതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തതായി ന്യൂനപക്ഷ വകുപ്പ് മന്ത്രി മൊഹ്സിന്‍ റാസ പറഞ്ഞു.
സമൂഹവിവാഹത്തില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളുടെ വിവാഹച്ചെലവുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ഇതിന് പുറമെ, ഓരോ പെണ്‍കുട്ടിക്കും 20,000 രൂപ സാമ്പത്തിക സഹായവും ചെയ്യും. സംസ്ഥാനത്തെ ജനസംഖ്യയുടെ 20 ശതമാത്തോളം വരുന്ന മുസ്ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം കൂടുതല്‍ കിട്ടുകയെന്ന് മന്ത്രി പറഞ്ഞു. സിഖ്, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കും സമൂഹവിവാഹത്തില്‍ പങ്കെടുക്കാനാവും.
യുപി മുഖ്യമന്ത്രിയായശേഷം ഒട്ടേറെ ക്ഷേമ പദ്ധതികള്‍ ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതുള്പ്പടെയുള്ള ജനപ്രിയ തീരുമാനങ്ങള്‍ കയ്യടി നേടുകയും ചെയ്തു.
Discussion about this post