തിരുവനന്തപുരം: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ച് പ്രസ്താവന നടത്തിയ എംഎം മണിക്കെതിരെ പ്രതിഷേധവുമായി സിപിഐഎം നേതാക്കള്‍. ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥ നല്ലതല്ലെന്ന് എകെ ബാലന് വിമര്‍ശിച്ചു. മണിയുടെ പരാമര്‍ശം പാര്‍ട്ടി പരിശോധിക്കണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി മണിയുടെ പരാമര്‍ശത്തില്‍ ദുഖിക്കുന്നുവെന്നായിരുന്നു പികെ ശ്രീമതി എംപിയുടെ പ്രതികരണം. പ്രസംഗത്തില്‍ മന്ത്രി ശ്രദ്ധിക്കേണ്ടിയിരുന്നു. സമരത്തെ അനുകൂലിച്ചില്ലെങ്കിലും അപമാനിക്കരുതെന്നും പികെ ശ്രീമതി പറഞ്ഞു. പ്രസ്താവന നിര്‍ഭാഗ്യകരമായെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
മണിയുടെ പരാമര്‍ശം അംഗീകരിക്കാനാവില്ലന്ന് മുന്‍ എംപി ടിഎന്‍ സീമ പറഞ്ഞു മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്നും സീമ പറഞ്ഞു. മണിയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. മണി നേരിട്ട് വന്ന് മാപ്പ് പറയുന്നതുവരെ പഴയ മൂന്നാറില്‍ കുത്തിയിരുന്ന് പ്രക്ഷോഭം നടത്തുമെന്ന് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
സ്ത്രീതൊഴിലാളികളുടെ കൂട്ടായ്മയായ പൊമ്പിളൈ ഒരുമയ്ക്കെതിരെയായിരുന്നു മന്ത്രിയുടെ അധിക്ഷേപം. പൊമ്പളൈ ഒരുമൈ സമരകാലത്ത് കുടിയും സകലവൃത്തികേടുകളും നടന്നിട്ടുണ്ട്. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി എന്ന് അശ്ലീലച്ചുവയോടെ എംഎം മണി പറഞ്ഞു. അടിമാലി ഇരുപതേക്കറില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് മണിയുടെ അധിക്ഷേപ പരാമര്‍ശം.
Discussion about this post