തൃശ്ശൂർ : കഴിഞ്ഞവർഷം ഏറെ വാർത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു തൃശൂർ അവണൂരിൽ മകൻ പിതാവിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസ്. പിതാവ് ശശീന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായിരുന്ന മയൂർനാഥിനെ നേപ്പാളിൽ മരിച്ച നിലയിൽ കണ്ടെത്തി. പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മയൂർനാഥ് പോലീസോ ബന്ധുക്കളോ അറിയാതെയാണ് നേപ്പാളിലേക്ക് മുങ്ങിയിരുന്നത്.
നേപ്പാളിലെ ഒരു ഉൾഗ്രാമത്തിൽ കുളത്തിൽ വീണ് മരിച്ച നിലയിലാണ് മയൂർനാഥിന്റെ മൃതദേഹം കണ്ടെത്തിയത്. ജാമ്യത്തിൽ ഇറങ്ങിയശേഷം കാണാതായിരുന്ന ഈ യുവാവിന് വേണ്ടി തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടയിലാണ് ഇദ്ദേഹത്തെ നേപ്പാളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. മയൂർനാഥിന്റെ മൃതദേഹം നേപ്പാളിൽ തന്നെ അടക്കം ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം.
കൊല്ലപ്പെട്ട ശശീന്ദ്രന്‍റെ ആദ്യ ഭാര്യയിലെ മകനാണ് മയൂർനാഥ്. 25 വയസ്സുകാരനായ ഇയാൾ ആയുർവേദ ഡോക്ടർ ആണ്. വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിച്ച ശേഷം ശശീന്ദ്രനും രണ്ടാം ഭാര്യക്കും ഇവരുടെ പറമ്പിൽ ജോലിക്ക് എത്തിയിരുന്ന തൊഴിലാളിക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. ഇവരിൽ ശശീന്ദ്രൻ മാത്രമാണ് മരണപ്പെട്ടത്. ഓൺലൈനായി വാങ്ങിയ രാസവസ്തുക്കൾ ഭക്ഷണത്തിൽ കലർത്തി നൽകിയാണ് മയൂർനാഥ് പിതാവിനെ കൊലപ്പെടുത്തിയിരുന്നത്. ആദ്യം ഭക്ഷ്യവിഷബാധയാണെന്ന് കരുതിയിരുന്ന മരണം പോലീസിന്റെ വിദഗ്ധ അന്വേഷണത്തിൽ കൊലപാതകം ആണെന്ന് തെളിയുകയായിരുന്നു.









Discussion about this post