തിരുവനന്തപുരം: പോലീസ് മേധാവിയായി പുനര്‍ നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടും കോടതിവിധി നടപ്പാക്കാത്തതിനെതിരെ ടി പി സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. കേസില്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
നളിനി നെറ്റോ ഇടപെട്ടാണ് പോലീസ് മേധാവി സ്ഥാനത്തു നിന്നും നീക്കിയതെന്ന് സെന്‍ കുമാര്‍ ഹര്‍ജിയില്‍ പറയുന്നു. പുനര്‍നിയമനം വൈകിപ്പിക്കാന്‍ നളിനി നെറ്റോ ശ്രമിക്കും. കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സെന്‍കുമാറിന്‍റെ ആരോപണം. കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കണം. നഷ്ടപ്പെട്ട കാലാവധി തിരികെ നല്‍കണമെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ പറയുന്നു.
കോടതിവിധി നടപ്പാക്കാത്തതില്‍ അതൃപ്തി അറിയിച്ച് ടി പി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോര്‍ട്ടലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ താമസിക്കുന്നതിന്റെ കാരണം അറിയില്ല. ഉചിതമായ സമയത്ത് ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും ടി പി സെന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഭാവികാര്യങ്ങൾ വക്കീലുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സെൻകുമാർ പറഞ്ഞു. അതേ സമയം, സർക്കാർ നടപടിക്കെതിരെ സെൻകുമാർ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ട്.
സുപ്രീംകോടതി വിധി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നായിരുന്നു നിയമ സെക്രട്ടറി സർക്കാറിന് നൽകിയ നിയമോപദേശം. എന്നാൽ നിയമോപദേശം അവഗണിച്ച് കേസിലെ പുന:പരിശോധന സാധ്യതകൾ സർക്കാർ തേടിയിരുന്നു. ഇതിനായി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയോട് സർക്കാർ ഉപദേശം തേടിയിരുന്നു.
Discussion about this post