കോഴിക്കോട്:ടിപി സെന്‍കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി വോട്ടു പിടിച്ചയാളാണ് ടി.പി സെന്‍കുമാറെന്ന സുധാകരന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ അന്ന് ഡിജിപിയായിരുന്ന സെന്‍കുമാര്‍ ശ്രമിച്ചു. സെന്‍കുമാര്‍ നേരിട്ട് നിര്‍ദേശിച്ചിട്ടാണ് കേസെടുത്തതെന്ന് ആലപ്പുഴ എസ് പി ഓഫീസിലെ ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞുവെന്നും എഫ്‌ഐആര്‍ ഇട്ടില്ലെങ്കില്‍ കസേര കാണില്ലെന്ന് സെന്‍കുമാര്‍ ഭീഷണിപ്പെടുത്തിയതായും സുധാകരന്‍ പറഞ്ഞു.
സര്‍ക്കാരിന് സെന്‍കുമാര്‍ ഒരു തരത്തിലും ഭീഷണിയല്ല. സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ ആരേയും അനുവദിക്കുകകയുമില്ല. സുപ്രീം കോടതിയില്‍ റിട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് മറക്കേണ്ട. സെന്‍കുമാര്‍ ഇപ്പോള്‍ പിണറായി വിജയനേക്കാള്‍ വലിയ ആളായി. എന്ത് മഹത്തായ ത്യാഗമാണ് സെന്‍കുമാര്‍ കേരള സംസ്ഥാനത്തിന് വേണ്ടി ചെയ്തത്. സ്വാതന്ത്ര്യസമരകാലത്ത് സമരമൊക്കെ ചെയ്ത് ജയിലില്‍ കിടന്നിട്ട് വന്ന് ഐപിഎസ് എടുത്തതുപോലെയാണ് സെന്‍കുമാറിന്റെ പ്രവര്‍ത്തിയെന്നും സുധാകരന്‍ പരിഹസിച്ചു.
”കൊച്ചു നാള്‍ മുതല്‍ നാടിനു വേണ്ടി സമരം ചെയ്ത് മര്‍ദനമേറ്റ് മുഖ്യമന്ത്രിയായ ആളാണ് പിണറായി വിജയനും വിഎസും നായനാരും കരുണാകരനുമൊക്കെ. അവര്‍ക്കൊക്കെ ഇന്നൊരു വിലയുമില്ല. സെന്‍കുമാര്‍ എല്ലാവരേയും തോല്‍പ്പിച്ചുവെന്നാണ് കരുതുന്നത്. എന്നിട്ട് എല്ലാവരേയും തോല്‍പ്പിച്ചതുപോലെ ഒരു നടപ്പൊക്കെയുണ്ട്. നിങ്ങള്‍ ആരേയും തോല്‍പ്പിച്ചിട്ടില്ല. നിങ്ങള്‍ തോല്‍പ്പിച്ചത് നിങ്ങളെ തന്നെയാണ്. ഈ നാടിന്റെ അഭിമാനത്തെയാണ് നിങ്ങള്‍ തോല്‍പ്പിച്ചത്. അന്തസുള്ള ഒരു സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ അഫിഡവിറ്റ് കൊടുത്തത് ശരിയാണോ. എന്നാലും ഞങ്ങള്‍ പ്രതികാരമൊന്നും ചെയ്യില്ലെന്നും സുധാകരന്‍ പറഞ്ഞു.
”അതു കൊണ്ട് അദ്ദേഹം മോശക്കാരനാണെന്നല്ല സുപ്രീം കോടതി കാണുന്നതു പോലെ അത്ര മാന്യനൊന്നുമല്ല. എല്ലാവരും നാട്ടിലെന്താണ് ചെയ്യുന്നത് എന്ന് സുപ്രീംകോടതിക്ക് അറിയില്ലല്ലോ. അതു കൊണ്ട് സുപ്രീം കോടതി വിധിയുണ്ട് എന്ന മറവെച്ചുകൊണ്ട്, സുപ്രീം കോടതി വിധിയെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് ആരും സര്‍ക്കാരിനെ മോശക്കാരാക്കാന്‍ ശ്രമിക്കേണ്ടെന്നും സുധാകരന്‍ പറഞ്ഞു.
Discussion about this post