തിരുവനന്തപുരം: കെ.എം.മാണിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ മാണി കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ എം.എം.ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. തിരുവനന്തപുരത്ത് മൂവരും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിമര്‍ശനം ഉന്നയിച്ചത്.
ചൊവ്വാഴ്ച രാവിലെ വരെ മുന്‍പുണ്ടാക്കിയ ധാരണയനുസരിച്ചാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്എമ്മും മുന്നോട്ടുപോയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. രാഷ്ട്രീയമായി കടുത്ത വഞ്ചനയായിട്ട് മാത്രമേ കേരള കോണ്‍ഗ്രസ് നടപടിയെ കാണാന്‍ കഴിയൂ. യുഡിഎഫ് വിട്ടുപോയപ്പോള്‍ പറഞ്ഞ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് മാണി ഇക്കാര്യത്തിലും പറയുന്നത്. യാതൊരു ആത്മാര്‍ഥതയുമില്ലാത്ത നിലപടാണ് കേരള കോണ്‍ഗ്രസ്എം സ്വീകരിച്ചത്. കേരള കോണ്‍ഗ്രസ് എമ്മിന് പിന്തുണ നല്‍കിയ വിഷയത്തില്‍ വി.എസ്.അച്യുതാനന്ദന്റെ അഭിപ്രായം അറിയാന്‍ താത്പര്യമുണ്ടെന്നും യുഡിഎഫിലേക്കുള്ള വാതില്‍ മാണി തന്നെ അടച്ചുവെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
കടുത്ത രാഷ്ട്രീയ വഞ്ചനയാണ് മാണി വിഭാഗം കാട്ടിയതെന്നും കേരള കോണ്‍ഗ്രസ് എമ്മിന്റെ കൈകോര്‍ത്ത സിപിഎം സിപിഐക്ക് മറുപടി നല്‍കിയിരിക്കുകയാണെന്നും ഹസന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേരത്തെയുണ്ടാക്കിയ ധാരണ പാലിക്കുന്നതായിരുന്നു മര്യാദ. എന്നാല്‍ മാണി മദ്യാരകളെല്ലാം ലംഘിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നടന്നത് രാഷ്ട്രീയ കുതിരക്കച്ചവടമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ പോലും തയാറാകാതിരുന്നവരുടെ കൂടെ കൂടാന്‍ കേരള കോണ്‍ഗ്രസിന് ഒരുമടിയും ഉണ്ടായില്ല. മാണിക്കെതിരേ സിപിഎം ഉന്നയിച്ച ആരോപണങ്ങളിലെല്ലാം അവര്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.
Discussion about this post