മീററ്റ്: എല്ലായിപ്പോഴും പുരുഷന്മാര്‍ സ്ത്രീകളെ മൊഴി ചൊല്ലുന്ന സംഭവങ്ങളാണ് നാം കേള്‍ക്കാറുള്ളത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഒരു വാര്‍ത്ത. പുരുഷന്മാര്‍ക്കു മാത്രമല്ല സ്ത്രീകള്‍ക്കും ‘മുത്തലാഖ്’ ചൊല്ലി ഭര്‍ത്താവിനെ മൊഴി ചൊല്ലാമെന്നു തെളിയിക്കുകയാണ് ഉത്തര്‍ പ്രദേശില്‍നിന്നുള്ള അമ്‌റീന്‍ ബാനു എന്ന യുവതി. പോലീസിന്റെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തിലാണ് യുവതി ‘മുത്തലാഖ്’ ചൊല്ലി ഭര്‍ത്താവില്‍ നിന്ന് ബന്ധം വേര്‍പെടുത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം സഹിക്കവയ്യാതെയാണ് യുവതി ബന്ധം വേര്‍പിരിഞ്ഞതെന്നു് യുവതി പറയുന്നു. പോലീസ് ഐ.ജി.അജയ് ആനന്ദിന്റെ സാന്നിധ്യത്തിലായിരുന്നു സംഭവം.
അമ്‌റീന്‍ ബാനുവും സഹോദരി ഫറീനും വിവാഹം കഴിച്ചത് സഹോദരങ്ങളായ സബിര്‍, ഷക്കിര്‍ എന്നിവരെയാണ്. സ്ത്രീധനം ആവശ്യപ്പെട്ട് ഇരുവരെയും ഭര്‍ത്താക്കന്‍മാര്‍ പീഡിപ്പിക്കുക പതിവായിരുന്നു. ഒടുവില്‍, ഫറീനിനെ കഴിഞ്ഞ സെപ്റ്റംബറില്‍ ഭര്‍ത്താവായ ഷാക്കിര്‍ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തി. ഇതില്‍ മനംനൊന്താണ് പ്രതികാരമെന്നോണം തന്നെ നിരന്തരം സ്ത്രീധനമാവശ്യപ്പെട്ട് ഉപദ്രവിച്ചുകൊണ്ടിരുന്ന സാബിറില്‍ നിന്ന് മോചനം നേടാന്‍ അമ്‌റീന്‍ തീരുമാനിച്ചത്. മാര്‍ച്ചില്‍ സാബിറിനും ഷാക്കിറിനുമെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച ഐ.ജിയെ നേരിട്ട് കണ്ട് നടപടി ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് അവര്‍ പരസ്യമായി ഭര്‍ത്താവിനെ മൊഴി ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയത്.
മുത്തലാഖ് വിഷയത്തില്‍ സ്ത്രീകളുടെ ക്ഷേമത്തിനായി മോദി സര്‍ക്കാര്‍ പരിശ്രമിക്കുകയാണെന്നും എല്ലാ സ്ത്രീകളും സര്‍ക്കാരിനെ ഇക്കാര്യത്തില്‍ പിന്തുണയ്ക്കണമെന്നും അമ്‌റീന്‍ പിന്നീട് പറഞ്ഞു.
അതേസമയം ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് തലാഖ് ചൊല്ലാനുള്ള വ്യവസ്ഥയില്ലെന്നാണ് മീററ്റ് മുഖ്യ ഖാസി ജീനൂര്‍ റഷീദുദ്ദീന്‍ പ്രതികരിച്ചത്.
യുവതി ശരിഅത്ത് പഞ്ചായത്തിന് വിവാഹമോചനം ആവശ്യപ്പെട്ട് അപേക്ഷ നല്‍കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വിവാഹമോചനം അനുവദിക്കുമെന്നും അദ്ദേഹം പറയുന്നു. അമ്‌റീന്‍ നല്‍കിയ പരാതിയില്‍ നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഐ.ജി. മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post