കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ക്ക് ഇതൊന്നും തടസമാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. ഈ സംഭവം കൂടുതല്‍ മോശമായ തലത്തിലേക്കു വളരാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ സംഭവമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാമന്തളി മണ്ഡലം കാര്യവാഹക് കക്കംപാറയിലെ ചൂരിക്കാട്ട് ബിജുവാണ് ഇന്നലെ വൈകിട്ട് അക്രമികളുടെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. പെയിന്റിങ് തൊഴിലാളിയായ ബിജു ജോലി കഴിഞ്ഞു പഴയങ്ങാടി ഭാഗത്തു നിന്നു ബൈക്കില്‍ വരുമ്പോള്‍, കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം പാലക്കോട് പാലം കഴിഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തു വച്ചു വെട്ടി വീഴ്ത്തുകയായിരുന്നു. കഴുത്തില്‍ സാരമായി പരുക്കേറ്റ ബിജു സംഭവസ്ഥലത്തു തന്നെ മരിച്ചു. പൊലീസ് എത്തിയാണു മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഏഴു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടരുകയാണ്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ജില്ലയില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഫെബ്രുവരി 14നു കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സമാധാന യോഗം ചേര്‍ന്നിരുന്നു. സംഘര്‍ഷരഹിത ജില്ലയായി കണ്ണൂരിനെ മാറ്റാനും സമാധാനത്തിനായി നേതൃത്വങ്ങള്‍ ഉണ്ടാക്കുന്ന ഉടമ്പടികള്‍ താഴെത്തട്ടിലെത്തിക്കാനും ആയിരുന്നു യോഗ തീരുമാനം. തിരുവനന്തപുരത്തു ബിജെപി-സിപിഎം നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണു കണ്ണൂരില്‍ സര്‍വകക്ഷി സമാധാന യോഗം നടന്നത്. ഈ യോഗത്തിനു ശേഷമുള്ള കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലപാതകമാണിത്.
Discussion about this post