ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ രൂക്ഷ ആരോപണങ്ങളുമായി വീണ്ടും മുന്‍ മന്ത്രി കപില്‍ മിശ്ര രംഗത്തെത്തി. കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ വന്‍തോതില്‍ കള്ളപണം വെളുപ്പിച്ചിട്ടുണ്ടെന്ന് മിശ്ര ആരോപിച്ചു.
ഇതിനു പുറമെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് ആം ആദ്മി പാര്‍ട്ടി നേതൃത്വം സമര്‍പ്പിച്ച കണക്കള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മൊഹല്ല ക്ലിനിക്കുകള്‍ സ്ഥാപിച്ചതിലും അഴിമതിയുണ്ട്. ഇത് തെളിയിക്കാന്‍ സിബിഐ അന്വേഷണം നടത്തണമെന്ന് മിശ്ര ആവശ്യപ്പെട്ടു. കടലാസ് കമ്പനികളില്‍ നിന്ന് രണ്ട് കോടി രൂപയാണ് കെജ്‌രിവാള്‍ സംഭാവനയായി വാങ്ങിയത്, ഇതും അന്വേഷണ പരിധിയില്‍ വരണം- മിശ്ര കൂട്ടിച്ചേര്‍ത്തു.
നേരത്തെ വാട്ടര്‍ ടാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് കെജ്‌രിവാളിന്റെ ഉപദേശകന് അഴിമതി നിരോധന വകുപ്പ് സമന്‍സ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മിശ്രയുടെ പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയിലെ നേതാക്കള്‍ നടത്തിയ വിദേശ യാത്രകളെ കുറിച്ച് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മിശ്ര നടത്തുന്ന നിരാഹാര സമരം ഞായറാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്നു.
Discussion about this post