ആഗ്ര: മക്കൾക്കു ഭക്ഷണം വാങ്ങാൻ 20 രൂപ ആവശ്യപ്പെട്ടതിന്റെ പേരിൽ രണ്ടു കുട്ടികളുടെ അമ്മയെ ഭർത്താവ് തലാഖ് ചൊല്ലി വീടിനു പുറത്താക്കി. ഉത്തർപ്രദേശ് ഫിറോസാബാദിലെ റസുൽപൂരിലാണ് സംഭവം.
ഭർത്താവ് വീട്ടിൽനിന്നു പുറത്താക്കിയ ഷാസിയ എന്ന യുവതി ഇപ്പോൾ അയൽവീട്ടുകാരുടെ സംരക്ഷണയിലാണ് കഴിയുന്നത്.
അഞ്ചു വർഷം മുന്പായിരുന്നു ഇവരുടെ വിവാഹം. യുവതിയുടെ മാതാപിതാക്കൾ ഇവരുടെ വിവാഹത്തിനു പിന്നാലെ മരണമടഞ്ഞു.
രണ്ടു കുട്ടികളുണ്ടായശേഷം ഭർത്താവ് ഷാസിയയെ മർദിക്കുന്നതു പതിവായിരുന്നു. അടുത്തിടെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടായി. ഇതിനൊപ്പം മർദനം കൂടിയായതോടെ യുവതി ജീവനൊടുക്കാൻ വീടുവിട്ടെങ്കിലും ഒരു പോലീസുകാരൻ രക്ഷപ്പെടുത്തി. ഇതിനുശേഷവും ഭർത്താവിന്റെ മർദനം തുടർന്നു.
ശനിയാഴ്ച മക്കൾക്കു ഭക്ഷണം വാങ്ങാനായി 20 രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് ഭർത്താവ് സ്ത്രീയെ മർദിച്ചു. പിന്നാലെ മുത്തലാഖ് ചൊല്ലി വീടിനു പുറത്താക്കുകയായിരുന്നു. ഇതേതുടർന്ന് ഷാസിയ പോലീസിൽ സഹായം തേടിയെങ്കിലും അനുകൂലമായ പ്രതികരണമായിരുന്നില്ല ലഭിച്ചത്. എഴുതി തയാറാക്കിയ പരാതി ലഭിച്ചിട്ടില്ലെന്നാണ് സംഭവത്തിൽ പോലീസിന്റെ വിശദീകരണം.
Discussion about this post