ഗാംഗ്ടോക്: ഇന്ത്യ-ചൈന അതിർത്തിയിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ചൈനയുടെ അതിർത്തി കയ്യേറ്റത്തിൽ അതീവ ജാഗ്രത വേണം. ജമ്മു കാഷ്മീർ, ഹിമാചൽപ്രദേശ്, സിക്കിം, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണു രാജ്നാഥ് സിംഗ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
3,488 കിലോമീറ്റർ ചുറ്റളവിലാണ് ഇന്ത്യ-ചൈന അതിർത്തി. കഴിഞ്ഞ കുറേവർഷങ്ങളായി ഇന്ത്യൻ അതിർത്തി കൈയേറാൻ ചൈനീസ് പട്ടാളം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പലപ്പോഴും സൈന്യങ്ങൾ മുഖാമുഖം എത്താറുണ്ട്. നിലവിലുള്ള സൈനിക സംവിധാനത്തിലൂടെ യുദ്ധം പലപ്പോഴും ഒഴിവായി പോവുകയാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
ദലൈലാമയുടെ അരുണാചൽ പ്രദേശ് സന്ദർശനത്തെ ചൈന എതിർത്തതിനെത്തുടർന്ന് ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചിരുന്നു. അതിനു ശേഷമാണ് ബെയ്ജിംഗിൽ നടക്കുന്ന വൺ ബെൽറ്റ്, വൺ റോഡ് കോൺഫറൻസിൽ പങ്കെടുക്കാൻ ചൈന ഇന്ത്യയെ ക്ഷണിച്ചത്. ചൈനയുടെ ക്ഷണം ഇന്ത്യ നിരസിച്ചിരുന്നു.
2004 മുതൽ ഇന്തോ ടിബറ്റൻ ബോർഡർ പോലീസാണു ചൈനയുടെ അതിർത്തിയിൽ കാവൽനിൽക്കുന്നത്. ജമ്മു കാഷ്മീരിൽ ഇന്ത്യയുടെ അതിർത്തി 1,597 കിലോമീറ്ററാണ്. ഹിമാചൽപ്രദേശ് 200 കിലോമീറ്റർ, ഉത്തരാഖണ്ഡിൽ 345 കിലോമീറ്റർ, സിക്കിമിൽ 220 കിലോമീറ്റർ, അരുണാചൽപ്രദേശിൽ 1,126 കിലോമീറ്ററുമാണ് അതിർത്തിയുടെ നീളം. ചില പ്രദേശങ്ങളിൽ ജവാന്മാർക്കു പട്രോളിംഗ് നടത്താൻ ബുദ്ധിമുട്ടു നേരിടുന്നുണ്ടെന്നും അതിർത്തിപ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കണമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം 41 അതിർത്തി ഗ്രാമങ്ങളുടെ വികസനത്തിനു സർക്കാർ ധനസഹായം നല്കിയിരുന്നു. ആറു മാസത്തിലൊരിക്കൽ അതിർത്തി പ്രദേശങ്ങളിലേക്കു മുതിർന്ന ഉദ്യോഗസ്ഥരെ അയച്ചു വികസനപ്രവർത്തനം വിലയിരുത്തേണ്ടതാണെന്നും കേന്ദ്രമന്ത്രി നിർദ്ദേശമ നൽകി.
Discussion about this post