ഡല്‍ഹി : തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 നാണ് കൂടിക്കാഴ്ച. സംസ്ഥാനത്തിന് വിവിധ പദ്ധതികളിൽ ലഭിക്കേണ്ട കേന്ദ്രഫണ്ടുകൾക്ക് പുറമെ, രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പിന്തുണയും ചര്‍ച്ചയാകും.
വരൾച്ച, കുടിവെള്ള, നദീജല, കർഷക പ്രശ്നങ്ങളും മറ്റും ചൂണ്ടിക്കാട്ടി പളനിസാമി പ്രധാനമന്ത്രിക്ക് നിവേദനം കൈമാറും. ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനും മുഖ്യമന്ത്രിയ്ക്ക് ഒപ്പമുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിക്ക് അണ്ണാ ഡി.എം.കെ അമ്മ പക്ഷത്തിന്റെ പിന്തുണ പളനിസാമി ഉറപ്പുനൽകിയേക്കുമെന്നും സൂചനയുണ്ട്.
എഐഎഡിഎംകെ പുരട്ച്ചിതലൈവി അമ്മ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒ പനീര്‍ശെല്‍വം നേരത്തെ നരേന്ദ്രമോദിയെ കണ്ട് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പിന്തുണ ഉറപ്പുനൽകിയിട്ടുണ്ട്. കൂടാതെ, നടന് രജനീകാന്ത് അടുത്തുതന്നെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് പളനിസാമിയുടെ അടിയന്തര ദില്ലിയാത്രയെന്നും സൂചനയുണ്ട്.
ആദായനികുതി വകുപ്പ് മന്ത്രിമാരുടെ വീടുകളിലുൾപ്പെടെ നടത്തിയ പരിശോധനകളിൽ ലഭിച്ച തെളിവുകൾ, തന്റെ അടുത്തേയ്ക്ക് വരുന്നത് തടയിടുക കൂടി ലക്ഷ്യമിട്ടാണ് പളനിസാമി പ്രധാനമന്ത്രിയെ കാണുന്നതെന്നും എതിരാളികള്‍ ആരോപിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികൾ പിടിമുറുക്കിയതോടെ സമ്മർദത്തിലായ പളനിസാമി കേന്ദ്ര സർക്കാറിനെ വിമർശിക്കരുതെന്ന് പാർട്ടി നേതാക്കൾക്കും എംഎല്‍എമാര്‍ക്കും നിർദേശം നൽകിയിരുന്നു.
അതിനിടെ പാര്‍ട്ടി ചിഹ്നമായ രണ്ടില ചിഹ്നം വീണ്ടെടുക്കണമെന്നും, പാര്‍ട്ടിയിലെ ഐക്യം പുനസ്ഥാപിക്കണമെന്നും നിരവധി എംഎല്‍എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി എംഎല്‍എമാര്‍ തമിഴ്നാട് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.
Discussion about this post