ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനുമെതിരായി പുതിയ അഴിമതി ആരോപണവുമായി മന്ത്രി വിമത എഎപി എംഎല്‍എ കപില്‍ മിശ്ര. ആരോഗ്യവകുപ്പിന്റെ പണം അനധികൃതമായി ചിലവഴിച്ചെന്നാണ് രണ്ടുപേര്‍ക്കുമെതിരായി ഉന്നയിച്ചിരിക്കുന്ന ആരോപണം. ആരോഗ്യവകുപ്പിനെക്കുറിച്ച് മൂന്ന് ആരോപണങ്ങളാണ് കപില്‍ മിശ്ര ഉന്നയിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി 300 കോടിയിലധികം രൂപയുടെ മരുന്നുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടതാണ് ആദ്യത്തെ ആരോപണം. അനാവശ്യമായിവാങ്ങിയ മരുന്നുകള്‍ സൂക്ഷിക്കുന്നതിന് മൂന്ന് ഗോഡൗണുകളും നിര്‍മിച്ചു. എന്നാല്‍ ആവശ്യമില്ലാതെ വാങ്ങിയ മരുന്ന് ഉപയോഗിക്കാതെ നശിച്ചുപോവുകയാണെന്നും കപില്‍ മിശ്ര ആരോപിച്ചു. മുന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി തരുണ്‍ സീമിനും അഴിമതിയില്‍ പങ്കുള്ളതായി അദ്ദേഹം പറയുന്നു.
സുരക്ഷാ ക്രമീകരണങ്ങളില്ലാത്ത 100 പുതിയ ആംബുലന്‍സുകള്‍ വാങ്ങിയതിലും അഴിമതി നടന്നിട്ടുള്ളതായി കപില്‍ മിശ്ര ആരോപിക്കുന്നു. പുതിയ ആംബുലന്‍സുകളില്‍ നാലെണ്ണം തീപിടിച്ചു നശിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ചട്ടങ്ങള്‍ മറികടന്ന് ആരോഗ്യവകുപ്പില്‍ 30 മെഡിക്കല്‍ സൂപ്രണ്ടുമാരെ നിയമിച്ചെന്നും കപില്‍ മിശ്ര ആരോപണമുന്നയിച്ചിട്ടുണ്ട്. അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച് സംസാരിക്കുന്നതിന് ലഫ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാലുമായി കൂടിക്കാഴ്ച നടത്തുമെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും കപില്‍ മിശ്ര വ്യക്തമാക്കി.
Discussion about this post