അമൃത്സര്‍: കേന്ദ്ര മന്ത്രി സുഷമാ സ്വരാജിന്‍റെയും മലയാളി നഴ്‌സിന്റെയും സഹായത്താല്‍ പഞ്ചാബി സ്വദേശിയായ സുഖ്‌വന്ത് കൗര്‍ എന്ന 55 കാരിക്ക് തിരിച്ചു കിട്ടിയത് സ്വന്തം ജീവിതവും അടിമത്വത്തില്‍ നിന്ന് മോചനവും. സ്വന്തം നാട്ടിലേക്ക് തിരിച്ചു വരാന്‍ ഒരിക്കലും കഴിയില്ലെന്ന് കരുതിയ ജലന്ധര്‍ സ്വദേശി സുഖ്‌വന്ത് കൗര്‍ അഞ്ചുമാസത്തെ അടിമജീവിതത്തില്‍ മരണത്തെ മുഖാമുഖം കണ്ടു.
സാമ്പത്തിക പരാധീനത മൂലമാണ് സുഖ്‌വന്ത് വിദേശത്ത് ജോലിക്ക് പോകാന്‍ തീരുമാനിച്ചത്. ഭര്‍ത്താവ് കുല്‍വന്ത് സിങ്ങിന്റെ ചുരുങ്ങിയ വരുമാനം കൊണ്ട് കുടുംബം മുന്നോട്ടു പോകുമായിരുന്നില്ല. വീട്ടുവേലക്കാരിയുടെ ജോലി നല്‍കാമെന്നു പറഞ്ഞ് ഒരു ഇടനിലക്കാരന്‍ വഴിയാണ് അവര്‍ സൗദി അറേബ്യയിലെത്തുന്നത്. ഇതിനായി സുഖ്‌വന്തില്‍നിന്ന് 40,000 രൂപയും ഇയാള്‍ വാങ്ങി. എന്നാല്‍ സൗദി അറേബ്യയിലെത്തിയപ്പോള്‍ ഇടനിലക്കാരന്‍ 3.5 ലക്ഷം രൂപ വാങ്ങി അവരെ ഒരു അറബി കുടുംബത്തിന് വില്‍ക്കുകയായിരുന്നു.
ഈ വര്‍ഷം ജനുവരിയിലാണ് സുഖ്‌വന്ത് സൗദി അറേബ്യയിലെത്തുന്നത്. അന്നുമുതല്‍ അടിമസമാനമായ ജീവിതമായിരുന്നു സുഖ്‌വന്തിന്റേത്. വീട്ടുകാരുടെ നിരന്തരമായ ക്രൂര മര്‍ദ്ദനവും ചീത്തവിളിയും സുഖ്‌വന്തിന് സഹിക്കേണ്ടിവന്നു. മിക്കപ്പോഴും ആവശ്യത്തിന് ഭക്ഷണം പോലും ലഭിച്ചില്ല. ഒടുവില്‍ ഗുരുതരമായി രോഗാവസ്ഥയിലായ സുഖ്‌വന്തിനെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാനോ തന്റെ അവസ്ഥ അറിയിക്കാനോ ഉള്ള യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്ന് അവര്‍ പറയുന്നു. പൂജ എന്ന ട്രാവല്‍ ഏജന്റാണ് തന്നെ സൗദിയിലേയ്ക്ക് കൊണ്ടുപോയതെന്ന് സുഖ്‌വന്ത് പറയുന്നു.
അതേസമയം സൗദിയില്‍ പോയി ആദ്യമൊക്കെ സ്ഥിരമായി വിളിക്കുമായിരുന്ന സുഖ്‌വന്തിന്റെ ഫോണ്‍വിളി പെട്ടെന്ന് നിലച്ചതോടെ ഭര്‍ത്താവ് കുല്‍വന്ത് സിങും പരിഭ്രാന്തനായി. രോഗാതുരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുഖ്‌വന്ത് ആശുപത്രിയില്‍ വെച്ച് ഒരു മലയാളി നഴ്‌സിനെ പരിചയപ്പെട്ടു. വിവരങ്ങള്‍ അറിഞ്ഞ ആ നഴ്‌സാണ് സുഖ്‌വന്തിന്റെ അവസ്ഥ നാട്ടിലുള്ള ഭര്‍ത്താവിനെ വിളിച്ചറിയിക്കുന്നത്. അതാണ് പിന്നീട് സുഖ്‌വന്തിന്റെ മോചനത്തിന് വഴിയൊരുക്കിയത്.
എന്നാല്‍ എന്തുചെയ്യണമെന്ന് കുല്‍വന്തിന് അറിയുമായിരുന്നില്ല. ചില സുഹൃത്തുക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് കുല്‍വന്ത് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് ഒരു ട്വിറ്റര്‍ സന്ദേശമയയ്ക്കുന്നത്. കുല്‍വന്തിനെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഉടന്‍ തന്നെ മന്ത്രിയുടെ സമാധാനിപ്പിക്കുന്ന മറുപടി ലഭിച്ചു. അതിനു ശേഷം 24-ാം ദിവസം സുഖ്‌വന്ത് വീട്ടിലെത്തി.
സുഷമാ സ്വരാജിന്റെ ഇടപെല്‍ മൂലം സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ സുഖ്‌വന്തിനെ കണ്ടെത്തുകയും നാട്ടിലെത്തിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം മുംബൈയില്‍ വിമാനമിറങ്ങിയ സുഖ്‌വന്തിന് അമൃത്സറില്‍ എത്താനുള്ള എല്ലാ സൗകര്യവും അധികൃതര്‍ ഒരുക്കിയിരുന്നു. സുഖ്‌വന്തിനെ വില്‍പന നടത്തിയ ഇടനിലക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
‘ഇത് തന്റെ രണ്ടാം ജന്മമാണ്. ഒരിക്കലും ആ മരണക്കെണിയില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയുമെന്ന് കരുതിയതല്ല’- തനിക്ക് നേരിടേണ്ടിവന്ന ഭീകരാനുഭവങ്ങളുടെ ഭീതി വിട്ടുമാറാതെ സുഖ്‌വന്ത് പറയുന്നു. തനിക്ക് നാട്ടിലെത്താനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുതന്ന മന്ത്രി സുഷമാ സ്വരാജിനോട് പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ടെന്ന് സുഖ്‌വന്ത് പറയുന്നു; ഒപ്പം, തന്റെ മോചനത്തിന് വഴിയൊരുക്കിയ നല്ല മനസ്സുള്ള ആ മലയാളി നഴ്‌സിനോടും.
Discussion about this post