ഡല്‍ഹി: ഇന്ത്യക്കെതിരെ ആരോപണവുമായി പാകിസ്ഥാന് രംഗത്ത്. തങ്ങളുടെ മുന്‍ സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യ തട്ടിക്കൊണ്ടുപോയെന്നാണ് പാകിസ്ഥാന്റെ ആരോപണം. ലഫ്. കേണല്‍ മുഹമ്മദ് ഹബീബ് സാഹിറിനെ നേപ്പാളില്‍ നിന്ന് കാണാതായെന്നും ഇന്ത്യയാണ് ഇതിനു പിന്നിലെന്നുമാണ് ആരോപണം. കുല്ഭൂഷണ് യാദവ് കേസില്‍ പുതിയ വഴിത്തിരിവൊരുക്കിക്കൊണ്ടാണ് ആരോപണവുമായി പാകിസ്ഥാന് രംഗത്തെത്തിയിരിക്കുന്നത്.
പാക് ചാരസംഘടനയായ ഐഎസ്ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹബീബിനെ ലുംബിനിയില് നിന്നാണ് കാണാതായത്. പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്ഭൂഷണ് യാദവിന്റെ മോചനത്തിനായി അന്താരാഷ്ട്ര കോടതിയില്‍ കേസ് നിലനില്‍ക്കെ, ഇന്ത്യയ്ക്കെതിരായി ഹബീബിന്റെ തിരോധാനം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പാകിസ്ഥാന് ശ്രമിക്കുന്നതെന്നാണ് സൂചന.
കുല്ഭൂഷണ് യാദവിനെ മോചിപ്പിക്കുന്നതിന് വഴിയൊരുക്കാനാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ (RAW) നേതൃത്വത്തില്‍ ഏപ്രില്‍ ആറിന് സൈനികനെ തട്ടിക്കൊണ്ടുപോയതെന്നാണ് പാകിസ്ഥാന്റെ ആരോപണം. ഹബീബിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന് ഇന്ത്യയ്ക്ക് കത്തെഴുതി. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ നേരത്തെ ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും ആദ്യമായാണ് പാകിസ്ഥാന് ഔദ്യോഗികമായി ഇത്തരമൊരു ആരോപണമുന്നയിക്കുന്നത്. ഹബീബ് സാഹിര്‍ ഇപ്പോള്‍ റോയുടെ പിടിയിലുണ്ടെന്ന കാര്യം തങ്ങള്‍ സ്ഥിരീകരിച്ചതായും പാകിസ്ഥാന് അവകാശപ്പെടുന്നു.
ഹബീബ് അപ്രത്യക്ഷനായതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണെന്ന് നേപ്പാള്‍ എംബസി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹബീബിനെ കണ്ടെത്തുന്നതിന് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയത്തോട് പാകിസ്ഥാന് നേരത്തെ സഹായം അഭ്യര്‍ഥിച്ചിരുന്നു.
Discussion about this post