ഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ വഴി ഭീകരവാദികള്‍ നടത്തുന്ന വ്യാജപ്രചാരണം വിശ്വസിച്ച് കശ്മീരി യുവാക്കള്‍ സൈന്യത്തെ കല്ലെറിയുന്നുവെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാണ് കശ്മീരിലെ പുതുതലമുറയെ ഭീകരവാദികള്‍ സ്വാധീനിക്കുന്നത്. വ്യാജപ്രചാരണങ്ങളുടെ കുത്തൊഴുക്കാണ് കശ്മീരില്‍ നടക്കുന്നത്. ഭീകരവാദത്തിനെതിരെ പോരാടാന്‍ അത്യാധുനിക സാങ്കേതികവിദ്യ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡെറാഡൂണില്‍ ഇന്ത്യന്‍ മിലിട്ടറി അക്കാദമി പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കരസേനാ മേധാവി.
ആധുനിക സാങ്കേതികവിദ്യ നമുക്കു ലഭ്യമായിരിക്കുകയും അത് ഉചിതമായ രീതിയില്‍ ഉപയോഗിക്കുകയും ചെയ്താല്‍ നമ്മുടെ യുവാക്കളെ സ്വാധീനിക്കാന്‍ ഭീകരവാദികള്‍ക്കും അവരുടെ കുപ്രചാരണങ്ങള്‍ക്കും സാധിക്കില്ല. ആളുകളെ നമ്മളോടു ചേര്‍ത്തുനിര്‍ത്തുന്നതില്‍ നാം വിജയിക്കുകയും ചെയ്യും. കൂടുതല്‍ സാങ്കേതികവിദ്യകള്‍ ലഭ്യമാക്കി സൈന്യത്തെ ആധുനികവല്‍ക്കരിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ജനറല്‍ റാവത്ത് വ്യക്തമാക്കി.
കശ്മീരിലെ യുവാക്കാളെ പാക്കിസ്ഥാന്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. തെറ്റായ വിഡിയോകളും ഇല്ലാത്ത കാര്യങ്ങളും പറഞ്ഞു പരത്തി യുവാക്കളെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നുവെന്നുമാണ് കരസേനാമേധാവി പറഞ്ഞത്. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസ്താവന. സ്ത്രീകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും അദ്ദേഹം ആവര്‍ത്തിച്ചു. മിലിട്ടറി പൊലീസ് എന്ന നിലയിലാണ് സ്ത്രീകളെ ഉള്‍പ്പെടുത്തുകയെന്നും റാവത്ത് പറഞ്ഞു.
Discussion about this post