കൊല്‍ക്കത്ത: എട്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം സ്വരൂപിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയതായി റെയില്‍വെ വകുപ്പ് മന്ത്രി സുരേഷ് പ്രഭു. ഇന്ത്യന്‍ റെയില്‍വെയെ ലാഭത്തിലേക്ക് നയിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും സുരേഷ് പ്രഭു പറഞ്ഞു. ഇന്ത്യന്‍ റെയില്‍വെ പ്രതിസന്ധി ഘട്ടത്തിലായിരുന്നു. ഇതിന് മാറ്റം വരുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. രാജ്യത്തെ ഏറ്റവും വലിയ ഗതാഗത സംവിധാനത്തിന്റെ വികസനത്തിനായി കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു. മികച്ച സേവനം ലഭ്യമാക്കുന്നതിലൂടെ ഇന്ത്യന്‍ റെയില്‍വെയുടെ സാമ്പത്തിക ശക്തി മെച്ചപ്പെട്ടതാക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധചെലുത്തുന്നുണ്ട്. എട്ട് ലക്ഷം കോടി രൂപ നിക്ഷേപം സ്വരൂപിക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിനായി 3.75 ലക്ഷം കോടി രൂപയുടെ മൂലധന ചെലവ് വകയിരുത്തിയതായും മന്ത്രി അറിയിച്ചു.
മൂന്ന് വര്‍ഷത്തിനുള്ളില്‍ 16,500 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പാത ഇരട്ടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി. നിലവില്‍ രാജ്യത്തെ 42 ശതമാനം റെയില്‍ പാതകളും വൈദ്യുതീകരിച്ചവയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇതിന്റെ ഇരട്ടി പാതകള്‍ വൈദ്യുതീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വികസന പദ്ധതികള്‍ നടപ്പാക്കുന്നതിലെ റെയില്‍ വേഗത രണ്ട് മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. റെയ്ല്‍വേ ട്രാക്കുകളും റോളിംഗ് സ്‌റ്റോക്കുകളും മെച്ചപ്പെടുത്തും. 40,000 കോച്ചുകള്‍ നവീകരിക്കുമെന്നും അറിയിച്ചു.
പശ്ചിമബംഗാളിലെ റെയില്‍വെ ബജറ്റ് വിഹിതം 2013-14ലെ 1,604 കോടി രൂപയില്‍ നിന്നും 2017-18ല്‍ 6,336 കോടി രൂപയിലേക്ക് ഉയര്‍ത്തിയതായും മന്ത്രി അറിയിച്ചു.
Discussion about this post