തിരുവനന്തപുരം: അവധി അവസാനിപ്പിച്ച് തിരിച്ച് എത്തിയാല്‍ തന്റെ സ്ഥാനം ഏതാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കി ഡിജിപി ജേക്കബ് തോമസ്. ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കുമാണ് ജേക്കബ് തോമസ് കത്ത് നല്‍കിയത്. തിങ്കളാഴ്ച്ച ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ഈ നീക്കം. അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് അറിയച്ചിട്ടില്ല. തിരിച്ചെത്തിയാല്‍ ഏത് പദവിയായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് ജേക്കബ് തോമസ് കത്തില്‍ പറയുന്നു.
വിജിലന്‍സ് ഡയറക്ടറായിരിക്കെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് ഈ മാസം 19ന് തിരികെ എത്താന്‍ തീരുമാനിച്ചിരുന്നു. താന്‍ തിരികെ എത്തുമെന്ന് ഉറപ്പായതോടെ പുതിയ വിവാദങ്ങളും തലപൊക്കുകയാണെന്നും. ഇതിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും ജേക്കബ് തോമസ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അവധിയില്‍ ആയിരുന്നപ്പോള്‍ തനിക്കെതിരെ ആരും ഒന്നും പറഞ്ഞില്ല. അവധി റദ്ദാക്കുമെന്ന സൂചന പുറത്തുവന്നതോടെ പുതിയ കഥകളുമായി പലരും രംഗത്തുവരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അവധി നീട്ടുന്ന കാര്യം ആലോചിക്കുകയാണെന്നും വിജിലന്‍സ് ഡയറക്ടറായിരിക്കെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് താന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്ത ടോമിന്‍ തച്ചങ്കരി പൊലീസ് ആസ്ഥാനത്ത് എഡിജിപി ആയിരിക്കുമ്പോള്‍ എങ്ങനെ അവിടേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സേനയുടെ തലപ്പത്തെ അസ്വസ്ഥതകളില്‍ കടുത്ത ആശങ്കയുണ്ട്. ഇപ്പോള്‍ കാണുന്ന പലതും സേനക്ക് അഭികാമ്യമല്ല. അതുകൊണ്ടുതന്നെ അവധി നീട്ടുന്ന കാര്യം ആലോചിക്കുകയാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു.
Discussion about this post