ഡല്‍ഹി: ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ശിവസേനയുടെ നിര്‍ദ്ദേശം പരിഗണിക്കണിക്കാനാവില്ലെന്ന് ബി.ജെ.പി നേതൃത്വം. സ്ഥാനാര്‍ത്ഥിയായി പ്രശസ്ത്ര ശാസ്ത്രജ്ഞന് എം.എസ്.സ്വാമിനാഥനെ പരിഗണിക്കണമെന്ന നിര്‍ദ്ദേശവും ബി.ജെ.പി തള്ളി. മത്സരിക്കാന്‍ ഇല്ലെന്ന് മോഹന്‍ ഭാഗവത് അറിയിച്ചിട്ടുണ്ട്. സ്വാമിനാഥനാകട്ടെ പ്രായകൂടുതലാണ് -ബിജെപി വിശദീകരിക്കുന്നു.
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ പാര്‍ട്ടി പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ കൂടി ഉറപ്പിക്കാന്‍ കഴിയുന്ന വ്യക്തിയെന്ന നിലയിലാണ് സുഷമയെ പരിഗണിക്കുന്നത്. സ്പീക്കര്‍ സുമിത്രാ മഹാജന്, ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപദി മുര്‍മു, ഇന്ത്യന്‍ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ച ശാസ്ത്രജ്ഞനും ആര്.എസ്.എസിന്റെ ശാസ്ത്ര പ്രസ്ഥാനമായ വിജ്ഞാന് ഭാരതിയുടെ അദ്ധ്യക്ഷനുമായ ഡോ. വിജയ് പാണ്ഡുരംഗ് ഭട്കര്‍ എന്നിവരും ബി.ജെ.പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്.
അതേസമയം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതിനായി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ഉച്ചയ്ക്ക് ചേരും.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കളുമായി അഭിപ്രായ ഐക്യത്തിനുള്ള സാധ്യത ആരായുന്നതിനായി രാജ്നാഥ് സിങ്, അരുണ്‍ ജയ്റ്റ്ലി, എം വെങ്കയ്യ നായിഡു എന്നിവരുടെ പാനല്‍ നടത്തിയ ചര്‍ച്ച സംബന്ധിച്ച് പാര്‍ലമെന്ററി ബോര്‍ഡ് വിലയിരുത്തല്‍ നടത്തും.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി വെങ്കയ്യ നായിഡുവും രാജ്നാഥ് സിങ്ങും ചര്‍ച്ച നടത്തിയിരുന്നു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായ ശേഷം മാത്രമേ നിലപാട് വ്യക്തമാക്കൂ എന്ന് കോണ്‍ഗ്രസും മറ്റു കക്ഷികളും അറിയിച്ചിരുന്നു.
ഈ നിലപാടു തന്നെയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലും സ്വീകരിച്ചത്.
Discussion about this post