പോര്‍ട്ട് ഓഫ് സ്പെയിന്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തു നിന്നും അനില്‍ കുംബ്ലെ രാജി വെച്ചതിന് പിന്നാലെ മൗനം ത്യജിച്ച് ടീം നായകന് വിരാട് കോഹ് ലി രംഗത്തെത്തി. കുംബ്ലെ തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കി രാജിയെന്ന തീരുമാനമെടുത്തു. ആ തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം സംഭവിച്ച കാര്യമാണത്. വിന്‍ഡീസിനെതിരായ ഏകദിന മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോഹ് ലി.
ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ അനില്‍ കുംബ്ലെയോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ വിലമതിക്കാനാവാത്തതാണ്. അതെടുത്തു മാറ്റാന്‍ ആര്‍ക്കുമാവില്ല. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടീം ഒന്നടങ്കം അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ട്.
എന്നാല്‍ പരിശീലക സ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലെ രാജിവെച്ചതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്താന്‍ കോഹ് ലി തയ്യാറായില്ല. ഡ്രസ്സിങ് റൂമില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തു പറയരുതെന്നാണ് പൊതുവായ ധാരണ. കഴിഞ്ഞ മൂന്നു നാലു വര്‍ഷമായുള്ള രീതിയാണത്. ആ വിശ്വാസം അങ്ങനെത്തന്നെ നില്ക്കട്ടെ. അതിനെക്കുറിച്ചൊന്നും പറയാന്‍ ഒരുക്കമല്ല. ചാമ്പ്യന്‍സ് ട്രോഫിക്കിടെ 11 വാര്‍ത്താ സമ്മേളനം നടത്തിയിട്ടുണ്ടെന്നും അപ്പോഴൊന്നും ഡ്രസ്സിങ് റൂമിലെ കാര്യങ്ങള്‍ പുറത്തു പറഞ്ഞിട്ടില്ലെന്നും വിരാട് കോഹ് ലി നയം വ്യക്തമാക്കി.
Discussion about this post