തിരുവനന്തപുരം : ചരക്കുസേവനനികുതി നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ജൂലൈ ഒന്നിന് എറണാകുളം ലേ മെറിഡിയന്‍ ഹോട്ടലില്‍ വൈകിട്ട് മൂന്നുമുതല്‍ ആറുവരെയാണ് ഉദ്ഘാടന സമ്മേളനം. ഇതില്‍ രണ്ടുമണിക്കൂര്‍ സമയം സംശയദൂരീകരണത്തിനായി ഉപയോഗിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
വ്യാപാരികള്‍ ഉള്‍പ്പെടെ ഏതു മേഖലയിലുള്ളവര്‍ക്കും ജിഎസ്ടി സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാം. ചോദ്യങ്ങള്‍ മുന്‍കൂട്ടി postgsquiostn@kerala.gvo.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കാം. ഉദ്ഘാടനസമ്മേളനത്തില്‍ രേഖാമൂലം മറുപടി നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു.
വ്യാപാരികള്‍ ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തതില്‍ രാജ്യത്ത് നാലാംസ്ഥാനത്താണ് കേരളം. 60 ശതമാനം വ്യാപാരികള്‍ രജിസ്റ്റര്‍ ചെയ്തു. വാറ്റ് രജിസ്‌ട്രേഷന്‍ എടുത്തവരിലെ 76 ശതമാനം പേരാണ് ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തത്. 25 മുതല്‍ പുതിയ വ്യാപാരികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കും. ആദ്യമാസമായതിനാല്‍ ജൂലൈയിലെ റിട്ടേണ്‍ ആഗസ്ത് പത്തിനകം സമര്‍പ്പിച്ചാല്‍ മതിയെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ജിഎസ് ടി ഇന്നത്തെ രീതിയില്‍ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമാക്കുന്നതില്‍ കേരളത്തിന്റെ ഇടപെടലുകള്‍ നിര്‍ണായകമായെന്നും ധനമന്ത്രി പറഞ്ഞു.
ഉല്‍പ്പന്നങ്ങളുടെ നികുതിനിരക്ക് കുറയുമെന്നതിനാല്‍ ജിഎസ്ടി വിലക്കയറ്റത്തിന് കാരണമാകില്ലെന്ന് തോമസ് ഐസക് പറഞ്ഞു. നികുതി കുറയുന്ന സാഹചര്യത്തില്‍ മാര്‍ജിന്‍ വര്‍ധിപ്പിച്ച് ലാഭമെടുക്കാനുള്ള ശ്രമം ചില വ്യാപാരികളുടെ ഭാഗത്തുനിന്നുണ്ടാവാം. ഇത് ഒഴിവാക്കാന്‍ അമിതലാഭം തടയുന്നതിനുള്ള വകുപ്പ് ജിഎസ്ടി ചട്ടങ്ങളിലുണ്ട്. ജിഎസ്ടി കൌണ്‍സിലിന്റെ അന്തിമതീരുമാനങ്ങളുടെ കുറിപ്പ് കിട്ടിയാല്‍ ചട്ടങ്ങള്‍ക്ക് രൂപം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം, പൂര്‍ണമായും ഗുണവശങ്ങള്‍മാത്രമല്ല ജിഎസ്ടിക്കുള്ളത്. വരുമാനത്തിലെ അസമത്വം വര്‍ധിക്കുമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.
Discussion about this post