ലക്‌നൗ: യാതൊരു വിവേചനവുമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയാണ് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്തരിച്ച ദീന്‍ദയാല്‍ ഉപാധ്യായയുടെ സ്വപ്നങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ശ്രമിക്കും. സംസ്ഥാനം രാഷ്ട്രീയ വാഴ്ചയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. അതില്‍നിന്നും മോചനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ 100ാം ദിവസം ആഘോഷിക്കുന്ന വേളയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.
കര്‍ഷകരെ സംരക്ഷിക്കാന്‍ കര്‍ശന നടപടികളുണ്ടാകും. അവരില്‍ നിന്നും മുന്‍പ് ശേഖരിച്ചതിനും അഞ്ചു മടങ്ങ് കൂടുതല്‍ ഗോതമ്പ് ശേഖരിച്ചു. കരിമ്പ് കര്‍ഷകരുടെ 22,000 കോടി രൂപയുടെ കടം സര്‍ക്കാര്‍ എഴുതിതള്ളിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണ്. യുപിയിലെ മുഴുവന്‍ ഗ്രാമങ്ങളിലും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്നതിനുവേണ്ട സഹായം കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. വിഐപി സംസ്‌കാരം അവസാനിപ്പിച്ചു. അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രം ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു.
സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും ഉത്തര്‍പ്രദേശിനെ മാഫിയകള്‍ ഇല്ലാത്ത സംസ്ഥാനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ നേതൃത്വത്തില്‍ ആന്റി-റോമിയോ സ്‌ക്വാര്‍ഡ് രൂപീകരിച്ചതിനുശേഷം സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതരാണ്. എല്ലാ വര്‍ഷവും ജനുവരി 24 ‘ഉത്തര്‍പ്രദേശ് ദിവസമായി’ ആഘോഷിക്കുമെന്നും മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു.
മാര്‍ച്ച് 18ന് ആണ് യുപിയില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. തിരഞ്ഞെടുപ്പില്‍ ആകെയുള്ള 403 സീറ്റില്‍ 325 സീറ്റുകള്‍ സ്വന്തമാക്കിയായിരുന്നു ബിജെപിയുടെ ജയം.
Discussion about this post