ഡല്‍ഹി: രാജ്യത്ത് ഒറ്റ നികുതിയെന്ന ആശയവുമായി ചരക്കു സേവന നികുതി (ജി.എസ്.ടി) സമ്പ്രദായം വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കിവരുന്ന പരോക്ഷ നികുതികള്‍ എടുത്തുകളഞ്ഞുകൊണ്ടാണ് പുതിയ നികുതിവ്യവസ്ഥയിലേക്ക് രാജ്യം മാറുന്നത്. പാര്‍ലമന്റെിന്റെ സെന്‍ട്രല്‍ ഹാളില്‍ അര്‍ധരാത്രി നടക്കുന്ന പ്രത്യേക യോഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നികുതി ഘടനയിലെ വലിയ മാറ്റം വിളംബരം ചെയ്യും.
പാര്‍ട്ടി നേതാക്കളെയും മുഖ്യമന്ത്രിമാരെയും ലോക്‌സഭ, രാജ്യസഭ എം.പിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രത്തന്‍ ടാറ്റ മുതല്‍ അമിതാഭ് ബച്ചന്‍ വരെ വിവിധ തുറകളിലെ പ്രമുഖര്‍ക്കും ക്ഷണമുണ്ട്. ഒരു മണിക്കൂറില്‍ താഴെ നീളുന്ന യോഗം രാത്രി 10.45ന് ആരംഭിക്കും.വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആശയമാണ് വിവിധ നിയമനിര്‍മാണ പ്രക്രിയകള്‍ക്കു ശേഷം ജൂലൈ ഒന്നു മുതല്‍ ജമ്മുകശ്മീര്‍ ഒഴികെ ദേശീയ തലത്തില്‍ നടപ്പാക്കുന്നത്.
എക്‌സൈസ്, വാറ്റ്, ഒക്‌ട്രോയ്, സേവന, വില്‍പന, പ്രവേശന നികുതികളെല്ലാം ജി.എസ്.ടി വരുന്നതോടെ ഇല്ലാതാകും. 5, 12, 18, 28 എന്നിങ്ങനെ നാല് സ്ലാബുകളിലായി തരംതിരിച്ചാണ് ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഇനി നികുതി ഈടാക്കുന്നത്. പല ഘട്ടങ്ങളിലായി കേന്ദ്രവും സംസ്ഥാനവും പരോക്ഷ നികുതി ഈടാക്കുന്ന രീതിയാണ് പുതിയ നികുതി സമ്പ്രദായത്തിന് വഴിമാറുന്നത്. അതിര്‍ത്തി ചെക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനരീതിതന്നെ ഇതിലൂടെ മാറും. ഓണ്‍ലൈനായി സര്‍ക്കാറിലേക്ക് നികുതി അടക്കാനുള്ള ജി.എസ്.ടി നെറ്റ്‌വര്‍ക്ക് (ജി.എസ്.ടി.എന്‍) സംവിധാനവും ഇതിനൊപ്പം നിലവില്‍വരും.
നികുതിയടവിന്റെ പുതിയ രീതി മുന്തിയ വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍, ചെറുകിട, ഇടത്തരം, അസംഘടിത മേഖലയിലുള്ളവര്‍ക്കിടയില്‍ നികുതി സങ്കീര്‍ണതയും ഓണ്‍ലൈന്‍ സാങ്കേതികവിദ്യയും കീറാമുട്ടിയായി നില്‍ക്കുകയാണ്. വ്യാപാരികളുടെ രജിസ്‌ട്രേഷന്‍ നടപടി ഇനിയും തീര്‍ന്നിട്ടില്ല. തുടക്കത്തില്‍ സര്‍ക്കാറും പ്രശ്‌നക്കുരുക്ക് പ്രതീക്ഷിക്കുന്നുണ്ട്.ഇതു മുന്‍നിര്‍ത്തി പരാതികള്‍ പരിഹരിക്കുന്നതിന് ധനമന്ത്രാലയത്തില്‍ പ്രത്യേക ‘യുദ്ധമുറി’ തന്നെ തുറന്നിട്ടുണ്ട്. ഒട്ടേറെ ഫോണ്‍ ലൈനുകളും കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങളും സാങ്കേതിക വിദഗ്ധരെയും കളത്തിലിറക്കിയാണ് നീക്കം.
നികുതിഘടനയിലെ മാറ്റം വിലക്കയറ്റമുണ്ടാക്കുമോ അതോ ഉല്‍പന്നങ്ങള്‍ക്ക് വില കുറയുന്നതിലൂടെ ഉപഭോക്താവിന് നേട്ടമുണ്ടാക്കുമോ എന്നത് കൃത്യമായി വിലയിരുത്താറായിട്ടില്ല. പല സാധനങ്ങള്‍ക്കും വില കുറയുമെങ്കിലും അത് ഉപഭോക്താവിലേക്ക് കൈമാറ്റം ചെയ്യപ്പെടുമോയെന്ന ആശങ്ക നിലവിലുണ്ട്. എന്നാല്‍, ഒന്നര വര്‍ഷത്തോളമെടുത്ത് സംവിധാനം ക്രമപ്പെടുമ്പോള്‍, അതു നടപ്പാക്കിയതിന്റെ നേട്ടം കിട്ടുമെന്നും അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നുമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ജൂബിലി വേളയിലല്ലാതെ പാര്‍ലമന്റെിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക ചടങ്ങ് നടത്തിയിട്ടില്ല. ജവഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം ഒരു പ്രധാനമന്ത്രി ഇത്തരമൊരു ചടങ്ങിനെ അഭിസംബോധന ചെയ്തിട്ടില്ല. ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ ജി.എസ്.ടി കേരളത്തിനും നേട്ടം കൊണ്ടുവരുമെന്നാണ് കണക്കുകൂട്ടല്‍. ഈ വര്‍ഷം 14 ശതമാനത്തിന് മുകളില്‍ നകുതി വരുമാന വര്‍ധനയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് 20 ശതമാനത്തിലേറെയായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു
Discussion about this post