ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് വന്‍ സൈനിക സാന്നിധ്യം. ഇന്ത്യ, ചൈന, ഭൂട്ടാന് എന്നീ മൂന്ന് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സിക്കിമില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ റോഡ് നിര്‍മാണം ഇന്ത്യന്‍ സൈന്യം തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. സംഘര്‍ഷാവസ്ഥ സൃഷ്ടിക്കപ്പെട്ടതോടെ ഇരു രാജ്യങ്ങളുടേയും 3000 സൈനികര്‍ ഇരുവശത്തുമായി വിന്യസിക്കപ്പെട്ടതായാണ് സൂചന.
ഇന്ത്യയും ചൈനയുമായി ഉടലെടുത്ത പ്രശ്നത്തിനിടെ ഡോക് ലാമിലെ ഭൂട്ടനീസ് സൈനിക ക്യാമ്പിന് സമീപത്തേയ്ക്ക് ചൈന റോഡ് നിര്‍മിച്ചതാണ് ഭൂട്ടാനും ചൈനയ്ക്കെതിരെ തിരിയുന്നതിന് ഇടയാക്കിയത്. കഴിഞ്ഞ ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് സിക്കിമിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചിരുന്നു. വ്യാഴാഴ്ച സിക്കിമിലെത്തിയ ജനറല്‍ ബിപിന്‍ റാവത്ത് ഗാങ്ടോക്കിലെ 17 മൗണ്ടെയന്‍ ഡിവിഷനും കാലിംപോങിലെ, 27 മൗണ്ടെയ്ന് ഡിവിഷന് എന്നിവ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. സിക്കിം സന്ദര്‍ശനത്തിനിടെ ഈസ്റ്റേണ്‍ സിക്കിമിന്റെ സുരക്ഷയുടെ ഉത്തരവാദിത്തമുള്ള 17 സെക്ടറില്‍ നാല് ബ്രിഗേഡ് സൈന്യത്തെ (3000 സൈനികരെ) വിന്യസിക്കാനാണ് ബിപിന്‍ റാവത്ത് നിര്‍ദേശം നല്‍കിയത്. 33 കോര്‍പ്സ് ഉദ്യോഗസ്ഥരുള്‍പ്പെടെ 17 ഡിവിഷന് കമാന്‍ഡോകളും ജനറല്‍ ബിപിന്‍ റാവത്തിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് വ്യാഴാഴ്ച സിക്കിമിലെത്തിയ ബിപിന്‍ റാവത്ത് ഡല്‍ഹിയിലേയ്ക്ക് തിരിച്ചത്.
അതേസമയം ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രശ്നങ്ങളെക്കുറിച്ചോ സൈനിക വിന്യാസത്തെക്കുറിച്ചോ പ്രതികരിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറായിട്ടില്ല. മൂന്ന് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഡോക് ല പ്രദേശം മൂന്ന് രാജ്യങ്ങള്‍ക്കും പ്രധാനപ്പെട്ട ഭൂപ്രദേശം കൂടിയാണ്. വരയ്ക്കപ്പെട്ട അതിര്‍ത്തി ഇവിടെ ഇല്ലെങ്കിലും ഇന്ത്യ-ചൈന അതിര്‍ത്തിയും, ചൈന-ഭൂട്ടാന് അതിര്‍ത്തിയും നിര്‍ണയിക്കപ്പെട്ടിട്ടുള്ളത് രണ്ട് ഉടമ്പടികളിലാണ്.
ഭൂട്ടാനും ചൈനയുമായി തര്‍ക്കത്തിലുള്ള പ്രദേശമാണ് സിക്കിമിലെ ഡോക് ല. അതിര്‍ത്തി തര്‍ക്കത്തില്‍ അന്തിമ തീരുമാനത്തിലെത്താതെ കിടക്കുന്നുണ്ടെങ്കിലും മേഖലയില്‍ ഇതുവരെയും ഇരു രാജ്യങ്ങളും തമ്മില്‍ പറയത്തക്ക സമാധാന പ്രശ്നങ്ങളോ തര്‍ക്കങ്ങളോ ഉടലെടുത്തിരുന്നില്ലെന്ന് ഭൂട്ടാന് അംബാഡര്‍ വെസ്റ്റോപ്പ് നാംഗ്യേല്‍ പറഞ്ഞു. കരാര്‍ പ്രകാരം ഇരു രാജ്യങ്ങളും നിലവിലുള്ള സ്ഥിതി തുടരണമെന്നാണ് ചട്ടം.
സിക്കിമില്‍ ഡോക് ലാമിലെ സോമ്പ്ലിരിയിലുള്ള ഭൂട്ടാന് സൈനിക ക്യാമ്പിന് സമീപത്തേയ്ക്ക് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്തിവരുന്ന റോഡ് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ചൈനയോട് ആവശ്യപ്പെട്ടിരുന്നതായി ഭൂട്ടാന് വ്യക്തമാക്കുന്നു. എന്നാല്‍ റോഡ് നിര്‍മാണം തടയുന്നതിന് പിന്നില്‍ ഇന്ത്യയ്ക്ക് രഹസ്യ അജന്‍ഡയുണ്ടെന്ന ആരോപണമാണ് ചൈന ഇന്ത്യയ്ക്കെതിരെ ഉന്നയിച്ചത്. അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യയുമായി ഇടഞ്ഞ ചൈന ഭൂട്ടാനുമായും പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ഇന്ത്യ ചൈന അതിര്‍ത്തി നിര്‍ണയിച്ചിട്ടുള്ളത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള കരാറിന്മേലാണ്. ഇതേ രീതിയില്‍ തന്നെയാണ് ഭൂട്ടാന് ചൈന അതിര്‍ത്തിയും നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. ഇക്കാലം വരെയും അതിര്‍ത്തി തര്‍ക്കങ്ങള്‍ ഈ രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉടലെടുത്തിരുന്നില്ല. ഇന്ത്യന്‍ സൈന്യം ചൈനീസ് ലിബറേഷന്‍ ആര്‍മിയുടെ റോഡ് നിര്‍മാണം തടഞ്ഞെന്ന് ആരോപിച്ചാണ് ചൈനീസ് സൈന്യം സിക്കിമില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ ബങ്കറുകളില്‍ രണ്ടെണ്ണം തകര്‍ത്തത്. ഇത് ഇന്ത്യ ചൈനാ ബന്ധത്തില്‍ കനത്ത വിള്ളലാണുണ്ടാക്കിയത്. ഇന്ത്യന്‍ നീക്കത്തിന് പിന്നാലെയാണ് ഭൂട്ടാനും ചൈനയ്ക്കെതിരെ രംഗത്തെത്തുന്നത്.
സിക്കിമിലെ ഇന്ത്യ ചൈന അതിര്‍ത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ഉടമ്പടി വഴിയാണ് നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ സ്വാതന്ത്ര്യത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ സിക്കിമിന്റെ അതിര്‍ത്തി സംബന്ധിച്ച പ്രശ്നങ്ങളൊന്നും തന്നെ ഉടലെടുത്തിരുന്നില്ല. തര്‍ക്കങ്ങളില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ച് സ്ഥിരീകരിക്കുകയും ചെയ്തിരുന്നതായും ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. സിക്കിമില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ നീക്കം പരമാധികാരത്തിന്റെ ഭാഗമാണെന്നും അല്ലാതെ ഇടപടലിനുള്ള അവകാശമില്ലെന്നുമാണ് ചൈന ഉന്നയിക്കുന്ന വാദം.
സിക്കിമില്‍ റോഡ് നിര്‍മാണം തടഞ്ഞുകൊണ്ടുള്ള നീക്കം ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നുള്ള അനാവശ്യപ്രകോപനമാണെന്നും ഇന്ത്യയുടേയും ചൈനയുടേയും നേതാക്കന്മാര് തമ്മില്‍ ഒപ്പുവച്ചിട്ടുള്ള കരാറിന്റേയും ഉഭയ സമ്മതങ്ങളുടേയും ലംഘനമാണ് ഇന്ത്യയുടെ ഭാഗത്തിനിന്നുണ്ടായിട്ടുള്ളതെന്നുമാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇത് അതിര്‍ത്തിയിലെ സമാധാന അന്തരീക്ഷത്തിന ് കളങ്കമേല്‍പ്പിക്കുമെന്നും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്താനാണ് ചൈന ആഗ്രഹിക്കുന്നതെന്നും അതിനൊപ്പം അവകാശങ്ങളെയും താല്‍പ്പര്യങ്ങളെയും പ്രതിരോധിക്കാനും ചൈന ശ്രമിക്കുമെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.
അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യയ്ക്കെതിരെ നയതന്ത്രപ്രതിഷേധവുമായി രംഗത്തെത്തിയ ചൈന സിക്കിം പ്രദേശത്ത് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്നുവെന്നും ഉടന്‍ സൈന്യത്തെ പിന്‍വലിയ്ക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത് . സൈന്യം പിന്മാറിയില്ലെങ്കില് നാഥുലാ ചുരം അടച്ചിടുമെന്നും ചൈന ഭീഷണി മുഴക്കുന്നു. തങ്ങളുടെ പ്രദേശത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ളതെല്ലാം ചെയ്യുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ കടന്നുകയറ്റത്തിന്റെ ഫലമായാണ് നാഥുലാ ചുരം അടച്ചിടുകയും കൈലാസ മാനസസരോവര്‍ യാത്രക്കാരെ രണ്ട് തവണ തടഞ്ഞതെന്നുമാണ് ചൈനയുടെ വാദം
സിക്കിമില്‍ റോഡ് നിര്‍മിക്കുന്നതില്‍ ഇന്ത്യന്‍ സൈന്യം തങ്ങളെ വിലക്കിയെന്നാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ആരോപണം. ഇന്ത്യ-ചൈനാ അതിര്‍ത്തിയിലുള്ള സിക്കിമിന്റെ ഭാഗം തങ്ങളുടെ അധികാരപരിധിയില്‍ വരുന്ന ഭൂപ്രദേശമാണെന്നാണ് ചൈനീസ് സൈന്യത്തിന്റെ വാദം. ഇത് സംബന്ധിച്ച തര്‍ക്കമാണ് അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിട്ടുള്ളത്. ഇന്ത്യ ചൈനയുടെ പരമാധികാരത്തെ മാനിച്ചില്ലെന്നും ചൈന ആരോപിക്കുന്നു. ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സിക്കിമിലെ ഡോംഗാലാംഗ് പ്രദേശത്ത് നടക്കുന്ന റോഡ് നിര്‍മാണം ഇന്ത്യ ചൈന അതിര്‍ത്തിയായ ലൈന്‍ ഓഫ് ആകച്വല്‍ കണ്ട്രോള് കടന്നതോടെയാണ് ഇന്ത്യന്‍ സൈന്യം തടഞ്ഞത്.
നാഥുലാ ചുരത്തില്‍ ചൈന 47 കൈലാസമാനസസരോവര്‍ തീര്‍ത്ഥാടകരെ തടഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ടിരുന്നു. ഇതോടെയാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം പുറത്തുവരുന്നത്. ഈ വിഷയത്തില്‍ രണ്ട് രാജ്യങ്ങളും തമ്മില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ തീര്‍ത്ഥാടകരെ തടഞ്ഞുവച്ചതിനുള്ള യഥാര്‍ത്ഥ കാരണം ചൈന വ്യക്തമാക്കിയിട്ടില്ല.
Discussion about this post