മംഗളരൂ; ഉഡുപ്പി ശ്രീകൃഷ്ണ വേഷത്തില്‍ ഈദിനോടനുബന്ധിച്ച് ഇഫ്താര്‍ നടത്തിയതിനെ പ്രതിഷേധമുയര്‍ത്തുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പേജാവര്‍ മഠാധിതി സ്വാമി വിശ്വേശരയ്യ തീര്‍ത്ഥ. ഇതര മത സഹോദരങ്ങള്‍ക്ക് പഴങ്ങള്‍ കൈമാറിയാല്‍ ഹിന്ദുത്വം തകരുമെന്ന് കരുതുന്നവ വിവരം കെട്ടവരുടെ പ്രതിഷേധങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നമസ്കാരം ഗോമൂത്രം തളിച്ച് വൃത്തിയാക്കേണ്ട കര്‍മ്മമാണെന്നും കരുതുന്ന വിവരം കെട്ടവര്‍ തനിക്കെതിരെ നടത്തുന്ന പ്രതിഷേധങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നും സ്വാമി വിശ്വേശര തീര്‍ത്ഥ പറഞ്ഞു.
ഹിന്ദുത്വശാസ്ത്രത്തെ കുറിച്ചോ പാരമ്പര്യം സംബന്ധിച്ചോ പ്രതിഷേധക്കാര്‍ക്ക് ജ്ഞാനമില്ല. അതിനാല്‍ അവര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശവുമില്ല. നമസ്കാരം നിര്‍വഹിച്ച സ്ഥലം ഗോമൂത്രം തളിച്ച് ശുദ്ധി വരുത്തണമെന്നാണ് ഹിന്ദു ജനജാഗ്രിതി പറയുന്നത്. മുസ്ലിംങ്ങളുടെ പ്രാര്‍ത്ഥനയാണ് നമസ്കാരം, അത് ക്ഷേത്രത്തിന് എന്ത് ഹാനിയാണ വരുത്തുക. അത് തെറ്റാണെന്ന് ഏത് ധര്‍മ്മശാസ്ത്രത്തിലാണ് പറയുന്നത്? ഓരോ വിഭാഗത്തിനും അവരവരുടേതായ ആശയങ്ങളും തത്വസംഹിതകളും പാരമ്പര്യവും പിന്തുടരാന് അവകാശവും സ്വാതന്ത്യവുമുണ്ട്. ഇതര ആശയക്കാര്‍ക്കെതിരെ പേശിബലം പ്രയോഗിക്കുകയല്ല പരസ്പര ധാരണയോടെ വര്‍ത്തിക്കുകയാണ് വേണ്ടത്. താന്‍ എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കുന്നു. താന്‍ ചെയ്തത് മതസൗഹാര്‍ദത്തിനാണ് വഴിതുറക്കുക. പ്രതിഷേധക്കാരുടേതാണ് മതസ്പര്‍ധയുമാണ് സൃഷ്ടിക്കുക
-സ്വാമി വിശ്വേശര തീര്‍ത്ഥ പറഞ്ഞു
ചരിത്രത്തിലാദ്യമായി ഉഡുപ്പി ശ്രീ കൃഷ്ണ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത് വാര്‍ത്തയായിരുന്നു. . ക്ഷേത്രത്തിന്റെ അന്നബ്രഹ്മ ഭക്ഷണ ശാലയിലാണ് ഇഫ്താര്‍ സംഘടിപ്പിച്ചത്.150ലധികം പേരാണ് ഇഫ്താറില്‍ പങ്കെടുത്തത്. പര്യായ പേജാവര്‍ മഠത്തിലെ പര്യായ വിശ്വേശരയ്യ തീര്‍ത്ഥ സ്വാമിയാണ് ഇഫ്താറിന് നേതൃത്വം നല്‍കിയത്. നേന്ത്രപ്പഴം, തണ്ണിമത്തന്, ആപ്പിള്‍, ഈന്തപ്പഴം, കശുവണ്ടി പരിപ്പും കുരുമുളക് കൊണ്ടുണ്ടാക്കിയ പ്രത്യേക പാനീയവും ചടങ്ങിനുണ്ടായിരുന്നു.
വിശ്വേശരയ്യ തീര്‍ത്ഥ സ്വാമി നോമ്പെടുത്തവര്‍ക്ക് ഈന്തപ്പഴം നല്കി നോമ്പ് തുറന്നതോടെയാണ് ഇഫ്താര്‍ ആരംഭിച്ചത്. അന്‍ജുമാന്‍ പള്ളിയിലെ ഖത്തീബും കര്‍ണാടക ന്യൂനപക്ഷ വികസന കോര്പ്പറേഷന് ചെയര്‍മാനുമായ എംഎ ഗഫൂര്‍, ശ്രീ ശ്രീ വിശ്വപ്രസന്ന തീര്‍ത്ഥ, റഹീം ഉച്ഛില്‍, അന്‍സാര്‍ അഹമ്മദ്, കോണ്‍ഗ്രസ് നേതാവ് ആബിദ് അലി എന്നീ പ്രമുഖര്‍ ഇഫ്താറില്‍ പങ്കെടുത്തിരുന്നു.
ഹിന്ദുമഹാസഭ, ജനജാഗ്രതി, ഹിന്ദുസേന തുടങ്ങിയ സംഘടനകളാണ് ഉഡുപ്പി ക്ഷേത്രത്തിലെ ഇഫ്ത്താറിനെതിരെ രംഗത്തെത്തിയത്.
Discussion about this post