ബെയ്ജിങ്: സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയുമായുള്ള തര്‍ക്കം രൂക്ഷമായിരിക്കെ ചൈനീസ് സൈന്യം ടിബറ്റില്‍ യുദ്ധസമാനമായ പരിശീലനം നടത്തി. യുദ്ധ ടാങ്കുകളടക്കമുള്ള പുത്തന്‍ ഉപകരണങ്ങളുമായി ടിബറ്റിലെ ഉയര്‍ന്ന മേഖലയിലാണ് ചൈനീസ് സൈന്യം തീവ്ര പരിശീലനത്തിലേര്‍പ്പെട്ടത്. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
പുതിയ ഉപകരണങ്ങള്‍ പരിശോധിക്കുന്നതിനു പുറമെ തത്സമയ വെടിവെയ്പ് പരിശീലനവും നടത്തി. ആയുധ സംയോജനത്തിന്റെ സമഗ്ര പരിശോധന, പ്രതിരോധവും മുന്നേറ്റവും നടത്തേണ്ടതിന്റെ പരിശീലനം, വെടിവെയ്പ്പ് എന്നിയടക്കമുള്ള യുദ്ധസമാനമായ സാഹചര്യത്തിലുള്ള പരിശീലനമാണ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ വാര്‍ത്ത ഏജന്‍സി പുറത്ത് വിട്ടിട്ടുമുണ്ട്. കഴിഞ്ഞ ആഴ്ച യുദ്ധടാങ്കിന്റെ പരീക്ഷണവും ചൈന നടത്തിയിരുന്നു.
സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയിലാണ് ചൈനയുടെ യുദ്ധസമാനമായ സാഹചര്യത്തിലുള്ള പരിശീലനമെന്നതും ശ്രദ്ധേയമാണ്. സിക്കിം അതിര്‍ത്തിയിലെ ഡോക് ലായില്‍ നിന്നും ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നാണ് ചൈനയുടെ ആവശ്യം.
Discussion about this post