ഡൽഹി: നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് കേരളത്തിൽ കടക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിലവില്‍ കോയമ്പത്തൂരിലാണ് കൃഷ്ണദാസ്. കോയമ്പത്തൂര്‍ വിട്ടുപോകരുതെന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാലോ ചോദ്യം ചെയ്യാനായി നിര്‍ദേശം ലഭിച്ചാല്‍ മാത്രമോ കേരളത്തിലേക്ക് എത്താവു എന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പാലക്കാട് പ്രവേശിക്കാന്‍ അനുമതി വേണമെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം നിരസിച്ചു. ഷഹീര്‍ ഷൗക്കത്തലി കേസും ജിഷ്ണു പ്രണോയി കേസും ഒരുമിച്ച് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. രണ്ടുകേസിലും ഒന്നാംപ്രതി കൃഷ്ണദാസാണ്.
ജിഷ്ണു പ്രണോയ് കേസില്‍ അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടാനുളള ശുപാര്‍ശയും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. രണ്ടാഴ്ചയ്ക്കുളളില്‍ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post