ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങളില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ടുണ്ടായ ഭീകരാക്രമണങ്ങളില്‍ അഞ്ച് സ്ത്രീകളടക്കം ഏഴ് അമര്‍നാഥ് തീര്‍ഥാടകര്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. വൈകിട്ട് എട്ടരയോടെ ശ്രീനഗര്‍ ജമ്മു ദേശീയപാതയില്‍ ബതെന്‍ഗൂ മേഖലയില്‍ നിന്നെത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് വാഹനത്തിനുനേരെയായിരുന്നു ഭീകരര്‍ ആദ്യം വെടിയുതിര്‍ത്തത്. സേന തിരിച്ചും വെടിയുതിര്‍ത്തു. തീര്‍ത്ഥാടകരുടെ ബസിനുനേരെയും വെടിവയ്പ്പുണ്ടായി. അമര്‍നാഥ് ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു തീര്‍ത്ഥാടകര്‍.
രണ്ട് തീര്‍ത്ഥാടകര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.തെക്കന്‍ കശ്മീരില്‍ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ശ്രീനഗര്‍ ജമ്മു ദേശീയപാത അടച്ചിട്ടിരിക്കുകയാണ്.
കാശ്മീരിലെ സ്ഥിതിഗതികള്‍ വഷളായതിനെത്തുടര്‍ന്ന് താത്കാലികമായി നിറുത്തിവച്ച അമര്‍നാഥ് യാത്ര കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ ചരമവാര്‍ഷിക ദിനം കണക്കിലെടുത്ത് കശ്മീരിലെ മൂന്നിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 40 ദിവസംനീണ്ട അമര്‍നാഥ് യാത്ര ജൂണ്‍ 28 നാണ് ആരംഭിച്ചത്.
Discussion about this post