ഡല്‍ഹി: ജമ്മു-കശ്മീരിലെ സുരക്ഷവിഷയങ്ങളില്‍ ചൈന ഇടപെടുന്നുവെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. അമര്‍നാഥ് യാത്രക്കുനേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി. ഇന്ത്യ-ചൈന ബന്ധം വഷളായതിനിടയിലാണ് മെഹ്ബൂബയുടെ പരാമര്‍ശം.
അമര്‍നാഥ് ആക്രമണം സംസ്ഥാനത്ത് വര്‍ഗീയസംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കുറ്റപ്പെടുത്തിയ മെഹ്ബൂബ, എല്ലാ പാര്‍ട്ടികളും രാഷ്ട്രീയത്തിനതീതമായി ഉയര്‍ന്ന് സംസ്ഥാനത്തെ പിന്തുണച്ചതില്‍ നന്ദി പ്രകടിപ്പിച്ചു. നിലവിലുള്ള പോരാട്ടത്തില്‍ ബാഹ്യശക്തികളും ഉള്‍പ്പെട്ടിട്ടുണ്ട്. നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. പുറത്തുനിന്ന് വരുന്ന ഭീകരര്‍ സംസ്ഥാനത്ത് അസ്വസ്ഥത പടര്‍ത്താന്‍ ശ്രമിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ ചൈനയും ഇപ്പോള്‍ ഇടപെട്ടു തുടങ്ങി -മെഹ്ബൂബ പറഞ്ഞു. രാജ്‌നാഥുമായുള്ള അരമണിക്കൂര്‍ കൂടിക്കാഴ്ചയില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കുന്നതും കശ്മീര്‍ താഴ്‌വരയില്‍ സമാധാനം തിരിച്ചുകൊണ്ടുവരുന്നതും ഉള്‍പ്പെട്ടു.
അതേസമയം എല്ലാ രാജ്യങ്ങളും അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ചു. എന്നാല്‍, ചൈനയില്‍ നിന്നും യാതൊരു പ്രതികരണവുമില്ലാത്തത് തന്നെ അത്ഭുതപ്പെടുത്തി. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തെ അവര്‍ അപലപിക്കേണ്ടതാണ്. പക്ഷേ, അത് ചൈനയില്‍ നിന്നും ഉണ്ടായില്ലെന്നും മെഹബൂബ മുഫ്തി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Discussion about this post