ഡല്‍ഹി: ഇന്ത്യ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ നാവികാഭ്യാസത്തിന്റെ വിസ്മയം വിതറിയ കാഴ്ചകളാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അരങ്ങേറിയത്. ‘മലബാര്‍ നാവിക അഭ്യാസം’ എന്ന പേരില്‍ അണിനിരന്നത് ഇന്ത്യ-യു.എസ്-ജപ്പാന്‍ നാവിക സേനകളുടെ പുത്തന്‍ സാങ്കേതികവിദ്യകളും യുദ്ധോപകരണങ്ങളും ജലയാനങ്ങളുമായിരുന്നു.
ജൂലായ് 10നാണ് മൂന്ന് രാജ്യങ്ങളുടെയും നാവിക ശക്തി വിളിച്ചോതുന്ന അഭ്യാസ പ്രകടനം ആരംഭിച്ചത്. തിങ്കളാഴ്ച അവസാനിച്ച പ്രകടനത്തില്‍ മൂന്ന് രാജ്യങ്ങളിലും നിന്നായി 16 യുദ്ധകപ്പലുകളും 100 ഓളം യുദ്ധവിമാനങ്ങളും പങ്കെടുത്തു. ഇന്ത്യന്‍ നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയും നാവികസേനയുടെ 10 യുദ്ധക്കപ്പലുകളുമാണ് അഭ്യാസപ്രകടനത്തില്‍ പങ്കെടുത്തത്.
ഐ.എന്‍.എസ് ജലശ്വാ, ഐ.എന്‍.എസ് സഹ്യാദ്രി, ഐ.എന്‍.എസ് രണ്‍വീര്‍, ഐ.എന്‍.എസ് ശിവാലിക്, ഐ.എന്‍.എസ് ജ്യോതി, ഐ.എന്‍.എസ് കൃപാണ്‍, ഐ.എന്‍.എസ് കോറ, ഐ.എന്‍.എസ് കമോര്‍ത്ത, ഐ.എന്‍.എസ് കാഡ്മാട്, ഐ.എന്‍.എസ് സുകന്യ എന്നിവയാണ് ആഭ്യാസപ്രകടനങ്ങളില്‍ പങ്കെടുത്ത മറ്റ് കപ്പലുകള്‍. ഇതു കൂടാതെ ഐ.എന്‍.എസ് സിന്ധുധ്വജ് എന്ന അന്തര്‍വാഹിനിയും ഇത്തവണത്തെ മലബാര്‍ അഭ്യാസപ്രകടനത്തിലെ പുതുമയായിരുന്നു.
യു.എസിന്റെ ഭാഗമായി യു.എസ്.എസ് നിമിറ്റ്‌സ് എന്ന വിമാനവാഹിനി കപ്പലിന്റെ നേതൃത്വത്തിലുള്ള സ്‌ട്രൈക്കര്‍ സംഘമാണ് മലബാര്‍ നാവിക അഭ്യാസത്തിനായി എത്തിയത്. കൂടാതെ യു.എസ്.എസ് പ്രിന്‍സ്റ്റണ്‍, യു.എസ്.എസ് ഹൊവാര്‍ഡ്, യു.എസ്.എസ് ഷൗപ്, യു.എസ്.എസ് പിന്‍കിനി, യു.എസ്.എസ് കിഡ് എന്നീ യുദ്ധക്കപ്പലുകളും യു.എസ്.എസ് ജാക്‌സണ്‍ വില്ലേ എന്ന അന്തര്‍വാഹിനിയും പരിശീലനത്തില്‍ പങ്കെടുത്തു.
ലോകത്തിലെ ഏറ്റവും വലിയ യുദ്ധകപ്പലുകളായ ജെ.എസ്. ഇസുമോയും ജെ.എസ്. സസാനമിയുമായാണ് ജപ്പാന്‍ ശക്തമായ സാന്നിധ്യമറിയിച്ചത്. ആയിരത്തിലധികം നാവിക ഉദ്യോഗസ്ഥരാണ് ജപ്പാനെ പ്രതിനിധീകരിച്ച് മലബാര്‍ നാവിക അഭ്യാസത്തില്‍ പങ്കെടുത്തത്. മലബാര്‍ സംയുക്ത നാവിക അഭ്യാസത്തിന്റെ 21ആം പതിപ്പാണ് ഇത്തവണ നടന്നത്. കടലില്‍നിന്നുള്ള വ്യോമാക്രമണങ്ങളെ തടയാനുള്ള പരിശീലനവും അന്തര്‍വാഹിനികളില്‍നിന്നുള്ള ഭീഷണി നേരിടാനുള്ള പരിശീലനവുമായിരുന്നു ഇത്തവണത്തെ മലബാര്‍ നാവിക അഭ്യാസത്തിന്റെ പ്രത്യേകതകള്‍.
ചൈന, പാക്കിസ്ഥാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളുമായി അതിര്‍ത്തി പ്രശ്നം രൂക്ഷമായിരിക്കെ നടന്ന ഇന്ത്യ, ജപ്പാന്‍, അമേരിക്ക രാജ്യങ്ങളുടെ ശക്തി പ്രകടനം ഇരു രാജ്യങ്ങള്‍ക്കും ഒരു മുന്നറിയിപ്പ് കൂടിയാണ് നല്‍കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ മോഹങ്ങള്‍ക്കുള്ള മറുപടിയായാണ് ത്രിരാഷ്ട്ര ശക്തികളുടെ നാവിക അഭ്യാസത്തെ ഈ രംഗത്തെ വിദഗ്ദര്‍ കാണുന്നത്.
Discussion about this post