ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുടെ ഭരണകാലത്ത് നടത്തിയ നിയമനങ്ങള്‍ എല്ലാം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സിബിഐ ആയിരിക്കും ഈ നിയമനങ്ങളെപ്പറ്റി അന്വേഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നിയമനങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കുകയാണ് ഇതിനു പിന്നിലുള്ള ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ആയിരക്കണക്കിന് നിയമനങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇതില്‍ എത്രമാത്രം ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് അറിവില്ല. ഏതെങ്കിലും തരത്തില്‍ നിയമന ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് പുറത്ത് കൊണ്ടു വരും. ഇതിനു പിന്നില്‍ ആരു പ്രവര്‍ത്തിച്ചാലും അവരെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടേയും കുടുംബത്തിന്റെയും പിന്തുണയോടെയാണ് മുന്‍ സര്‍ക്കാരുകള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ഉത്തര്‍പ്രദേശിനെ അടക്കി ഭരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിമര്‍ശനമുന്നയിക്കുന്നവരുടെ വീടുകള്‍ പരിശോധിച്ചാല്‍ അവര്‍ ഏറെ വിഷമാവസ്ഥയിലാകുമെന്ന് തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയായി യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന ഭൂമാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ ഒന്നര ലക്ഷത്തോളം ഭൂമാഫിയ കേസുകള്‍ പുറത്തു കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ വ്യാജമദ്യക്കച്ചവട മാഫിയകളെ ഉന്മൂലനം ചെയ്യാനും സര്‍ക്കാരിനായി. വര്‍ഷം തോറും 60 പേര് വീതമാണ് വ്യാജമദ്യം കുടിച്ച് മരിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ വ്യാജമദ്യം നിര്‍മ്മിക്കുന്നവരെയും തന്റെ സര്‍ക്കാര്‍ വെറുതെ വിടാന്‍ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post