ന്യൂഡൽഹി: സാമ്പത്തിക ശാസ്ത്രത്തിൽ മന്ത്രവിദ്യകൾ ഇല്ല. മികച്ച പദ്ധതികൾ ഫലപ്രദമാകാൻ പോലും അതിന്റേതായ സമയം വേണം. എന്നാൽ ലോകത്തെ മൂന്നാം സാമ്പത്തികശക്തിയെന്ന അഭിമാനനേട്ടത്തിലേക്കുള്ള പാതയിൽ അസാമാന്യ കുതിപ്പ് തുടരുകയാണ് ഭാരതം.രാജ്യത്തിന്റെ ജിഡിപി വളർച്ചയിൽ അസൂയാവഹമായ വളർച്ചയുണ്ടാവുമെന്നാണ് ഐക്യരാഷ്ട്ര സഭയടക്കം സാക്ഷ്യപ്പെടുത്തുന്നത്. ഈ വർഷം ഏകദേശം 7 ശതമാനമാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ വളർച്ച പ്രതീക്ഷിക്കുന്നത്.
യുഎന്നിന്റെ വേൾഡ് എക്കണോമിക് സിറ്റുവേഷൻ ആൻഡ് പ്രോസ്‌പെക്ട്‌സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇന്ത്യയുടെ വളർച്ചയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയിട്ടുള്ളത്. റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 2024 ൽ 6.9 ശതമാനം വളർച്ച കൈവരിക്കും. 2025 ൽ 6.6 ശതമാനമായിരിക്കും വളർച്ച.ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽസ് എന്നിവയുടെ കയറ്റുമതി ഇന്ത്യയ്ക്ക് വലിയ നേട്ടം കൊയ്യാനുള്ള വഴിയൊരുക്കും. ശക്തമായ പൊതുനിക്ഷേപവും ഇന്ത്യയുടെ വളർച്ചയ്ക്ക് അടിത്തറയൊരുക്കിയിരിക്കുകയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക വളർച്ചയുടെയും ഉയർന്ന തൊഴിൽ പങ്കാളിത്തത്തിന്റെയും പിന്തുണയോടെ ഇന്ത്യയിലെ തൊഴിൽ വിപണിയും ലോകത്തിന് മാതൃകയാവുകയാണ്.
ആഗോളതലത്തിൽ, 2024-ൽ സമ്പദ്വ്യവസ്ഥ 2.7% വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.2025ൽ, ആഗോള വളർച്ച 2.8% ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. അമേരിക്ക, ചൈന,ജപ്പാൻ,ജർമ്മനി എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുക്രൈയ്‌നും റഷ്യയും തമ്മിലുള്ള സംഘർഷവും ഇസ്രായേൽ ഹമാസ് യുദ്ധവും ആഗോളവളർച്ചയെ കാര്യമായി ബാധിക്കുമ്പോഴാണ്. പ്രതിസന്ധികൾക്കിടയിലും ഊർജ്ജസ്വലതയോടെ ഇന്ത്യ ശക്തികേന്ദ്രമായി തുടരുന്നത്.
Discussion about this post