ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് ഫുഡ്‌ബോൾ ഇതിഹാസം സുനിൽ ഛേത്രി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. രണ്ട് ദശാബ്ദത്തോളം നീണ്ടു നിന്ന കരിയറിനാണ് ഛേത്രി പരിസമാപ്തി കുറിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് താരം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. വിരമിക്കലിനെ കുറിച്ചുള്ള ഛേത്രിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വിരമിക്കലിന് ശരിയായ സമയമാണ് ഇതെന്ന് തന്നെയാണ് തന്റെ വിശ്വാസം. എന്നാൽ, തന്നിലെ കുട്ടി എപ്പോഴും പറയുന്നത് ഒരു ഗെയിം കൂടിയെന്ന് തന്നെയാണെന്ന് സുനിൽ ഛേത്രി പറഞ്ഞു. ‘മാർച്ചിൽ അഫ്ഗാനിസ്ഥാനിനെതിരായ മത്സരം കഴിഞ്ഞതിന് ശേഷമാണ് മനസിൽ ഇങ്ങനെയൊരു ഉൾവിളി വന്നുതുടങ്ങിയത്. ഒരു ഉൾവിളിയുടെ പേരിൽ മാത്രം ഞാൻ തീരുമാനങ്ങൾ എടുക്കാറില്ല. അതുകൊണ്ടു തന്നെ അതിനെ കുറിച്ച് ഞാൻ ഒരുപാട് ആലോചിച്ചിരുന്നു. അപ്പോഴെനിക്ക് തോന്നി, ഇതാണ് യഥാർത്ഥ സമയമെന്ന്. കാരണം എനിക്ക് ചെയ്യാനുള്ളതെല്ലാം ഞാൻ ചെയ്തുകഴിഞ്ഞു’- ഛേത്രി പറഞ്ഞു.
‘ചില സമയം, എന്റെ തീരുമാനം ശരിയായിരുന്നോ എന്ന് ചിന്തിക്കാറുണ്ട്. എന്റെ മനസ് പറയുന്നു ഇത് തന്നെയാണ് യഥാർത്ഥ സമയമെന്ന്, എന്നാൽ, എന്നിലെ കുട്ടി ഇപ്പോഴും ഒരു ഗെയിം കൂടിയെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ദിവസത്തിൽ ഒരു തവണയെങ്കിലും ഞാൻ നേരിടുന്ന ഒരു പോരാട്ടം തന്നെയാണ് ഇത്. എങ്കിലും ഞാൻ ശരിയായ തീരുമാനം തന്നെയാണ് എടുത്തതെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്’- താരം കൂട്ടിച്ചേർത്തു.
ബ്ലൂ ടൈഗേഴ്‌സിനായി 2005ൽ അരങ്ങേറ്റം കുറിച്ച സുനിൽ ഛേത്രി, ഇതുവരെ 94 അന്താരാഷ്ട്ര ഗോളുകൾ സ്‌കോർ ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് ഇന്ത്യൻ നായകൻ രാജ്യത്തിനായി 150 ആം മത്സരം പൂർത്തിയാക്കിയത്. ഇന്ത്യയ്ക്കായി കൂടുതൽ ഗോളുകൾ നേടിയ താരവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരവും ഛേത്രിയാണ്.
അന്താരാഷ്ട്ര ഫുട്‌ബോളിൽ ഇപ്പോഴും കളിക്കുന്ന താരങ്ങളിൽ ഗോൾ വേട്ടയിൽ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കും ലയണൽ മെസിക്കും തൊട്ടു പിന്നിൽ മാത്രമാണ് ഇന്ത്യൻ ഇതിഹാസമായ സുനിൽ ഛേത്രിയുടെ സ്ഥാനം. പരിമിതമായ സാഹചര്യങ്ങളിൽ പോലും രാജ്യത്തിനായി വീറുറ്റ പോരാട്ടം നടത്താൻ കഴിവുള്ള താരമാണ് ഛേത്രി.
കഴിഞ്ഞ 20 വർഷമായി സുനിൽ ഛേത്രിയുടെ ഗോളടി മികവിലാണ് ഇന്ത്യൻ ഫുട്‌ബോൾ ടീം പിടിച്ചു നിന്നത്. സാഫ് കപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കിരീടങ്ങൾ ബ്ലൂ ടൈഗേഴ്‌സിനെ തേടിയെത്തിയപ്പോൾ മുന്നിൽ നിന്ന് പട നയിക്കാൻ ഛേത്രിയെന്ന കുറിയ മനുഷ്യൻ ഉണ്ടായിരുന്നു. ഇന്ത്യൻ ഫുട്‌ബോളിലെ ഒരു യുഗമാണ് സുനിൽ ഛേത്രിയുടെ പടിയിറക്കതോടെ അവസാനിക്കാൻ പോകുന്നത്.
Discussion about this post