ഡല്‍ഹി: 2016-ല്‍ യമുനാതീരത്ത് നടന്ന ലോക സാംസ്കാരിക സമ്മേളത്തില്‍ ആര്‍ട്ട് ഒഫ് ലിവിംഗ് യമുനാതീരം മലിനമാക്കിയെന്ന ഹരിത ട്രൈബ്യൂണല്‍ കണ്ടെത്തലുകള്‍ക്കെതിരെ ഡല്‍ഹി,യു.പി സര്‍ക്കാരുകളുടെ റിപ്പോര്‍ട്ട്. ആര്‍ട്ട് ഒഫ് ലിവിംഗിന് ക്ലീന്‍ ചീറ്റ് നല്കുന്ന റിപ്പോര്‍ട്ടില്‍ യമുനാതീരത്ത് യാതൊരു മലിനീകരണവും നടന്നിട്ടില്ലെന്നാണ് കണ്ടെത്തല്‍. ഇരു സര്‍ക്കാരുകളുടെയും മൂന്നംഗ ഉദ്യോഗസ്ഥ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഹരിത ട്രൈബ്യൂണലിന് വെള്ളിയാഴ്ച സമര്‍പ്പിച്ചു. ആര്‍ട്ട് ഒഫ് ലിവിംഗ് സമ്മേളനത്തിനായി ഉപയോഗിച്ച മേഖലകളില്‍ ജലസ്രോതസുകളോ ചതുപ്പു പ്രദേശങ്ങളോ കണ്ടെത്താന്‍ കമ്മിറ്റിക്ക് സാധിച്ചില്ലെന്നും അവിടങ്ങളില്‍ നാശനഷ്ടങ്ങള്‍ കണ്ടെത്താനായില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2016 മാര്‍ച്ചിലായിരുന്നു ആര്‍ട്ട് ഒഫ് ലിവിംഗ് ആചാര്യന് രവി ശങ്കറിന്റെ നേതൃത്വത്തില്‍ യമുനാതീരത്ത് ലോക സാംസ്കാരിക സമ്മേളനം നടന്നത്. മൂന്ന് ദിവസത്തെ സമ്മേളനത്തോടെ യമുനാതീരം മലിനമാക്കി എന്നായിരുന്നു ഹരിത ട്രൈബ്യൂണലിന്റെ കണ്ടെത്തല്‍. ആവാസ വ്യവസ്ഥക്ക് മാറ്റം വരുത്തിയ സമ്മേളനം യമുനാതീരത്ത് മണ്ണിട്ട് നികത്തിയെന്നും ജലസ്രോതസുകള്‍ നികത്തിയെന്നുമാണ് ഹരിത ട്രൈബ്യൂണല്‍ നിയമിച്ച സമിതിയുടെ കണ്ടെത്തല്‍.
ഹരിത ട്രൈബ്യൂണലിന്റെ വാദങ്ങളെ എതിര്‍ക്കാന്‍ ആര്‍ട്ട് ഒഫ് ലിവിംഗിന്റെ പതിനഞ്ചംഗ സമതിയും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി യാതൊരു മാറ്റവും യമുനാതീരത്തിന് ഉണ്ടായിട്ടില്ലെന്നും ചെടികള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ടെങ്കില്‍ മഴക്കാലത്ത് എല്ലാം ശരിയാകുമെന്നുമാണ് സമിതിയുടെ കണ്ടെത്തല്‍. കേസില്‍ ഹരിത ട്രൈബ്യൂണല്‍ ആഗസ്റ്റ് നാലിന് വാദം കേള്‍ക്കുന്നുണ്ട്.
Discussion about this post