ലഖ്‌നൗ: മുസ്ലീം സ്ത്രീകള്‍ നേരിടുന്ന മുത്തലാഖ് പ്രശ്‌നത്തിനെതിരെ ശബ്ദമുയര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിജെപി നേതാക്കള്‍ക്കും രാഖി അയച്ചു കൊടുക്കാനൊരുങ്ങി മുസ്ലീം യുവതികള്‍. മുസ്ലീം സമുദായത്തിലെ അംഗങ്ങളോട് മുത്തലാഖിനെ രാഷ്ട്രീയവര്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. സാമൂഹിക അവബോധം ഉണര്‍ത്തുക വഴി ഇത്തരത്തിലുള്ള മുത്തലാഖ് പോലുള്ള മോശം പ്രവണതകള്‍ ഇല്ലാതാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
സാഹോദര്യത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും സന്ദേശം വിളിച്ചോതുന്ന രക്ഷാബന്ധന്‍ ഉത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ കൈയ്യില്‍ ധരിക്കുന്നതിനുവേണ്ടിയാണ് രാഖികള്‍ അയ്ക്കുന്നത്. നിസാര കാര്യങ്ങള്‍ക്ക് പോലും ഫോണ്‍ വഴിയും ടെസ്റ്റ് മെസ്സേജ് വഴിയും പുരുഷന്മാര്‍ മൊഴി ചൊല്ലിയിരുന്നു. എന്നാല്‍ മോദിയുടെയും യോഗിയുടെയും ഇടപെടലിലൂടെ ഈ പ്രവണതയ്ക്ക് ഏറെ മാറ്റം വന്നിരിക്കുന്നുവെന്ന് മുസ്ലീം സ്ത്രീകള്‍ പറയുന്നു.
മുമ്പ് മുത്തലാഖ് ജീവിതം വഴിയാധാരമാക്കിയ നിരവധി മുസ്ലിംവനിതകള്‍ തങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് പ്രധാനമന്ത്രിക്ക് നേരിട്ട് കത്തെഴുതിയിരുന്നു. മുത്തലാഖ് എന്ന ദുരാചാരത്തെ സാമൂഹിക നവോത്ഥാനത്തിലൂടെ മാത്രമേ ഉന്‍മൂലനം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും ഇതിനെതിരെ മുസ്ലിം വനിതകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും നേരത്തെ മോദിയും യുപി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥും വ്യക്തമാക്കിയിരുന്നു.
മുത്തലാഖ് പ്രശ്‌നത്തില്‍ രാഷ്ട്രീയമായ ഇടപെടല്‍ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ വ്യക്തമാക്കുകയുണ്ടായി. മുത്തലാഖിനെതിരെ മുസ്ലിങ്ങളില്‍നിന്നുതന്നെ ശബ്ദമുയരണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ബഹുഭാര്യാത്വവും മുത്തലാഖും ഇസ്ലാംമതം അനുശാസിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്രം നേരത്തെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയുണ്ടായി. ഇതിന്റെ പേരില്‍ വലിയ രാഷ്ട്രീയ വിവാദം തന്നെ ചിലര്‍ കുത്തിപ്പൊക്കി. മുസ്ലിങ്ങളുടെ വ്യക്തിനിയമത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇടപെടുന്നുവെന്നായിരുന്നു പ്രചാരണം. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും മുസ്ലിം ജനവിഭാഗങ്ങളില്‍ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണയാണ് ഈ പ്രചാരണത്തിനു പിന്നിലെന്ന് വ്യക്തം.
Discussion about this post