കണ്ണൂര്‍: മലപ്പുറം ആസ്ഥാനമായി സംസ്ഥാനത്തെ ആദ്യ സ്വകാര്യ സര്‍വകലാശാല വരുന്നു. മറ്റു പല സംസ്ഥാനങ്ങളിലും സ്വകാര്യ സര്‍വകലാശാലകള്‍ നിലവിലുണ്ട്. മലപ്പുറം ജില്ലയിലെ വാഴയൂര്‍ പഞ്ചായത്തില്‍ സഫിട്രസ്റ്റിന്റെ (സോഷ്യല്‍ അഡ്വാന്‍സ്മെന്റ് ഫൗണ്ടേഷന് ഫോര്‍ ഇന്ത്യ) നേതൃത്വത്തിലുള്ള സഫികോളജ് ആസ്ഥാനമാക്കിയാണ് പദ്ധതി. 2005-ല്‍ ഉദ്ഘാനം ചെയ്ത കോളേജില്‍ ഇപ്പോള്‍ ഒമ്പത് ബിരുദകോഴ്സിലും ആറ് ബിരുദാനന്തര ബിരുദ കോഴ്സുകളിലുമായി 1200ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. കോളേജ് സ്ഥിതിചെയ്യുന്ന 250 ഏക്കറിന് പുറമേ ട്രസ്റ്റ് മറ്റൊരു 250 ഏക്കറും കൂടി ഏറ്റെടുത്തിട്ടുണ്ട്്.
ഡോ. ആസാദ് മൂപ്പന്, എം.എ. യൂസഫലി, ഗള്‍ഫാര്‍ മുഹമ്മദലി, പി.കെ. അഹമ്മദ്, ഇമ്മിച്ചഹമ്മദ് തുടങ്ങി 44 പേരാണ് ട്രസ്റ്റിന് പിന്നില്‍. കണ്ണൂര്‍ സര്‍വകലാശാല മുന്‍വൈസ്ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാടിനെയാണ് വൈസ് ചാന്‍സലറായി ഉദ്ദേശിക്കുന്നത്. അദ്ദേഹം ഇപ്പോള്‍ നിര്‍ദിഷ്ട സര്‍വകലാശാലയുടെ സി.ഇ.ഒ. ആണ്.
സ്വതന്ത്രാധികാരമുള്ള സര്‍വകലാശാലയായിരിക്കും ഇത്. സ്വന്തമായി സിലബസ് തയ്യാറാക്കാനും സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്യാനും കോഴ്സുകളും പരീക്ഷകളും നടത്താനും സര്‍വകലാശാലയ്ക്ക് സാധിക്കും. ഗവേഷണം നടത്താനും പിഎച്ച്.ഡി ബിരുദങ്ങള്‍ നല്‍കാനും കഴിയും.
കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ അന്തരിച്ച ഡോ. കെ.എ. ജലീലാണ് ഈ ആശയം ആദ്യമവതരിപ്പിച്ചത്. തുടക്കമെന്ന നിലയില്‍ സഫി കോളേജിന് നാക് അക്രഡിറ്റേഷന് നേടുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങി. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. റിപ്പോര്‍ട്ട് കേന്ദ്ര മാനവശേഷിവികസന മന്ത്രാലയത്തിന് അയച്ചു. അവര്‍ യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന് അയക്കും. പുതിയ സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസകേന്ദ്രം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന്്് ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു. മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്ത്് വിദേശസര്‍വകലാശാലകളുമായി സഹകരിച്ച് കോഴ്സുകള്‍ തുടങ്ങും. ഗവേഷണങ്ങള്‍ക്ക് മാത്രമായി റിസര്ച്ച്്് ഡയറക്ടറേറ്റിന് രൂപം കൊടുക്കും. മുന്നൊരുക്കത്തിന്റെ ഭാഗമായി അടിസ്ഥാനവികസന സൗകര്യത്തിന് 100 കോടി രൂപയുടെ പ്രോജക്റ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ സ്വകാര്യ സര്‍വകലാശാലകള്‍ ആകെ 282
രാജസ്ഥാന്-46, ഗുജറാത്ത്-30, ഉത്തര്‍പ്രദേശ്-29, മധ്യപ്രദേശ്-24, ഹരിയാന-20, ഹിമാചല്‍ പ്രദേശ്-17, പഞ്ചാബ്-16, കര്‍ണാടക-15, ഉത്തരാഖണ്ഡ് -12, മഹാരാഷ്ട്ര-10, ഛത്തീസ്ഗഢ്-9, പശ്ചിമ ബംഗാള്‍-9, മേഘാലയ-8, ജാര്‍ഖണ്ഡ്-8, അരുണാചല്‍-7, അസം-5, സിക്കിം-5, ഒഡിഷ-4, നാഗാലന്‍ഡ്-3, മണിപ്പുര്‍-1, മിസോറം-1, ത്രിപുര-1
സ്വകാര്യസര്‍വകലാശാലകള്‍ ഇല്ലാത്ത സംസ്ഥാനങ്ങള്‍
കേരളം, ആന്ധ്രാപ്രദേശ്, ബീഹാര്‍, ജമ്മുകാശ്മീര്‍, തെലങ്കാന, തമിഴ്നാട്
Discussion about this post