ഡല്‍ഹി: പുതിയ ഉപരാഷ്ട്രപതിയായി വെങ്കയ്യനായിഡു നാളെ സത്യപ്രതിജ്ഞ ചെയ്യും. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കാലാവധി ഇന്ന് പൂര്‍ത്തിയാകും. ഒരു പതിറ്റാണ്ട് നീണ്ട ഉപരാഷ്ട്രപതി സ്ഥാനത്തെ സേവനത്തിനു ശേഷം ഹമീദ് അന്‍സാരി ഇന്ന് പടിയിറങ്ങും. 516 വോട്ടുകള്‍ നേടിയാണ് വെങ്കയ്യ നായിഡു തെരഞ്ഞെടുക്കപ്പെട്ടത്. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച വെങ്കയ്യ നായിഡു വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. അടിയന്തരാവസ്ഥവിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട് അദ്ദേഹം. രാഷ്ട്രീയം പറയില്ലെങ്കിലും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഇനിയും ഉയര്‍ത്തിക്കാട്ടുമെന്ന് നിയുക്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. പുതിയ ചുമതല നിര്‍വഹിക്കേണ്ടത് എങ്ങനെയാണെന്ന് ഉദ്യോഗസ്ഥരുമായി സംസാരിച്ചു മനസിലാക്കും. പ്രതിപക്ഷമടക്കം എല്ലാ അംഗങ്ങള്‍ക്കും രാജ്യസഭയില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. തന്റെ മുന്‍ഗാമികളായിരുന്ന എസ്.രാധാകൃഷ്ണനും സക്കീര്‍ ഹുസൈനും ഉപരാഷ്ട്രപതി സ്ഥാനത്തിരുന്നു പ്രവര്ത്തിച്ചതെങ്ങനെയെന്നു പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മാധ്യമങ്ങളോടു സംസാരിക്കവേ വെങ്കയ്യ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന്റെ ബില്ലുകള്‍ പാസാക്കുന്നതിന് ആവശ്യമായ സാഹചര്യം ഒരുക്കും. വികസനമായിരിക്കണം രാജ്യത്തിന്റെ പ്രധാന അജന്‍ഡയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post