കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നടൻ ദിലീപ് പരാതി നൽകിയിരുന്നെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. എപ്പോൾ എങ്ങനെ പരാതി നൽകിയതെന്നത് കോടതിയെ അറിയിക്കുമെന്നും ബെഹ്റ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ദിലീപും പൊലീസും പറയുന്നതു ശരിയാണ്. ആര് പറയുന്നതാണ് കൂടുതൽ ശരിയെന്നു പരസ്യമായി പറയാനാകില്ല. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ മറുപടി വ്യക്തമാക്കി പൊലീസ് സത്യവാങ്മൂലം നൽകുമെന്നും ബെഹ്‌റ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് നിരീക്ഷണത്തിലായിരുന്നു. അങ്ങനെയുള്ള ഒരാളിൽ നിന്നു പരാതി ലഭിച്ചാൽ അതു സംബന്ധിച്ച പല കാര്യങ്ങളും പൊലീസിന് അന്വേഷിക്കേണ്ടതുണ്ടെന്നും ഡി.ജി.പി പറഞ്ഞു.
നടിയെ തട്ടിക്കൊണ്ടുപോയ പൾസർ സുനി തനിക്കു ജയിലിൽ നിന്നു കത്തയച്ച കാര്യം അന്നു തന്നെ ഡിജിപി ബെഹ്‌റയെ ഫോണിലൂടെയും വാട്സാപ്പിലൂടെയും അറിയിച്ചെന്നും രണ്ടു ദിവസം കഴിഞ്ഞു രേഖാമൂലം പരാതി നൽകിയെന്നുമാണു ദിലീപ് കോടതിയിൽ ജാമ്യാപേക്ഷയിൽ അറിയിച്ചത്. എന്നാൽ സംഭവം നടന്ന് 20 ദിവസം കഴിഞ്ഞാണ് പരാതിപ്പെട്ടത് എന്നാണ് പൊലീസിന്റെ വാദം.
Discussion about this post